സ്വന്തം ലേഖകൻ
ടെന്നീസ് രംഗത്ത് മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്പ്പിക്കുന്നതിനായി പരിശീലനത്തിനിടെ ശിക്ഷിച്ചു എന്നാരോപിച്ച് പിതാവിനെ പെൺമക്കൾ കോടതി കയറ്റി. ടെന്നീസ് കോച്ചായ ജോൺ ഡി വിയാനാ എന്ന 53 കാരനാണ് ഈ ദു:രനുഭവമുണ്ടായത്. മക്കളെ വിമ്പിൾഡൺ ടെന്നീസ് ചാമ്പ്യരാക്കുക എന്നതായിരുന്നു പിതാവി൯െറ ലക്ഷ്യം. അതിനായി മക്കളെ സ്കൂൾ പഠനം നിർത്തിവയ്പ്പിച്ച് രാവിലെ 5.30 മുതൽ ബെഡ് ടൈം വരെ കഠിന പരിശീലനമാണ് നല്കിയത്. നന്നായി കളിക്കാത്തപ്പോളൊക്കെ ശിക്ഷയും നല്കി എന്നാണ് മക്കളുടെ പരാതി.

21 കാരിയായ മോണേ ഡി വിയനായും 19 കാരി നെഫേ വിയന്നായുമാണ് മാതാപിതാക്കൾ പിരിഞ്ഞു താമസിക്കാൻ തുടങ്ങിയതിനു ശേഷം പിതാവിനെതിരെ ക്രൂരമായ ശിക്ഷണ മുറയ്ക്ക് കോടതിയിൽ പരാതി നല്കിയത്. നെറ്റിയിൽ എൽ ഫോർ ലൂസർ എന്ന് പെർമനന്റ് മാർക്കർ കൊണ്ട് പിതാവ് എഴുതി എന്ന് മോണേ പറയുമ്പോൾ തന്നെ ഒരു പട്ടിയോടെന്ന പോലെയാണ് പെരുമാറിയതെന്ന് ഇളയവളായ നെഫേ പറയുന്നു. മോശമായി കളിച്ചപ്പോളൊക്കെ തല്ലിയെന്നും തൊഴിച്ചെന്നും തുപ്പിയെന്നും മോശം വാക്കുകൾ ഉപയോഗിച്ചെന്നും ഇവർ കോടതിയോടു പരാതിപ്പെട്ടു.

Screenshot_20170317-233856Screenshot_20170317-233933

അഞ്ചു തവണ ലോക കരാട്ടേ ചാമ്പ്യനായ ജെഫ് തോംപ്സൺ എം.ബി.ഇ അടക്കം നിരവധി പേർ ജോണിന് അനുകൂലമായി കോടതിയിൽ മൊഴി നല്കി. പെൺകുട്ടികളുടെ പരാതി പരിഗണിച്ച സ്നേർസ് ബ്രൂക്ക് കോർട്ട് ജൂറി ഒന്നര മണിക്കൂർ നീണ്ട വാദങ്ങൾക്കൊടുവിൽ ജോണിനെ വെറുതെ വിട്ടു. മക്കളോടൊടുള്ള അമിത സ്നേഹമാണ് ജോണിനെക്കൊണ്ട് ഈ രീതിയിൽ പെരുമാറാൻ പ്രേരിപ്പിച്ചതെന്നു പറഞ്ഞ കോടതി ഇതിന് ക്രിമിനൽ സ്വഭാവമില്ലെന്ന് നിരീക്ഷിച്ചു.  ആരോപണങ്ങൾ നിഷേധിച്ച ജോൺ, തനിക്ക് ഇതുപോലെ മക്കളോട് പെരുമാറുക അസാധ്യമെന്നാണ് കോടതിയോട് പറഞ്ഞത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ജോൺ കോടതി വിധി കേട്ടത്.