കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മെയ് ഒന്നിലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കണക്കിലെടുത്താണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ ഹാജരാകാന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.

കേസിലെ മുഖ്യ തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. ദൃശ്യങ്ങള്‍ക്കൊപ്പം സ്ത്രീ ശബ്ദമുണ്ടെന്നും അതില്‍ ദുരൂഹതയുണ്ടെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം. അതിനാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കിയാല്‍ ദിലീപ് തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. സുപ്രീംകോടതി വിധി വരുന്നത് വരെ ദിലീപിന്റെ മേല്‍ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേസിലെ എട്ടാം പ്രതിയായ ദിലീപിന് കുറ്റപത്രവും അനുബന്ധ രേഖകളും കോടതി നല്‍കിയിരുന്നു. എന്നാല്‍ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇതേ ആവശ്യമുന്നയിച്ച്, അങ്കമാലി കോടതിയിലും കേരള ഹൈക്കോടതിയിലും ദിലീപ് ഹര്‍ജികള്‍ നല്‍കിയിരുന്നു. എന്നാല്‍ രണ്ടിടങ്ങളിലും ദിലീപിന്റെ അപേക്ഷ തളളിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ആക്രമണദൃശ്യങ്ങള്‍ നടന്റെ കൈവശമെത്തിയാല്‍ ആക്രമിക്കപ്പെട്ട നടിക്ക് കോടതിയില്‍ സ്വതന്ത്രമായി മൊഴി നല്‍കാനാവില്ലെന്നാണ് ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു. ദിലീപിന് മെമ്മറി കാര്‍ഡ് കൈമാറാന്‍ സാധിക്കാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കി സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്.