കേരള കോണ്‍ഗ്രസില്‍ കോട്ടയം സീറ്റിന് വേണ്ടി നടക്കുന്ന തര്‍ക്കം പരിഹരിച്ച് ജോസഫിന് നീതിപൂര്‍വമായ പരിഗണന ലഭിക്കണമെന്ന് ജോസഫ് വിഭാഗം നിലപാട് അറിയിച്ചു. കോട്ടയത്ത് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റി പ്രശ്‌നപരിഹാരത്തിനില്ലെന്ന് ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗവും രംഗത്തെത്തി.
പി.ജെ.ജോസഫിനെ ഇടുക്കിയില്‍ മല്‍സരിപ്പിക്കാനാണ് സാധ്യത. യു.ഡി.എഫ് പൊതു സ്വതന്ത്രനാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇക്കാര്യത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തും. കേരള കോണ്‍ഗ്രസിലെ തര്‍ക്ക പരിഹാരത്തിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമവായ ശ്രമങ്ങള്‍ തുടരുകയാണ്. അനുകൂല തീരുമാനമുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്ന് പി.ജെ.ജോസഫ് പ്രതികരിച്ചു. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണേണ്ട ചുമതല നിലവില്‍ കോണ്‍ഗ്രസിനും യുഡിഎഫിനുമാണെന്നും അദ്ദേഹം പ്രതികരിച്ചു.
കോട്ടയം സീറ്റിലെ സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് ജോസഫ് വിഭാഗവും ആവശ്യപ്പെടുന്നില്ല. പാര്‍ട്ടിയിലും മുന്നണിയിലും ജോസഫിന് അര്‍ഹമായ പരിഗണന ലഭിക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. കോണ്‍ഗ്രസിന്റെ ഇടപെടലില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ് പി.ജെ. ജോസഫ്. അതേസമയം തര്‍ക്കങ്ങള്‍ പരിഹരിച്ചാല്‍ മാത്രമെ ഒറ്റക്കെട്ടായി പ്രചാരണത്തില്‍ പങ്കെടുക്കൂ എന്നും ജോസഫ് വിഭാഗം വ്യക്തമാക്കി.
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ രാഹുല്‍ ഗാന്ധി കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തെപ്പറ്റി വിവരങ്ങള്‍ ആരാഞ്ഞു. സമവായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് തോമസ് ചാഴികാടനെ മാറ്റി പ്രശ്‌നപരിഹാരത്തിന് തയ്യാറല്ലെന്ന് മാണി വിഭാഗം വ്യക്തമാക്കിയത്.
Leave a Reply