ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : മതനിന്ദ ആരോപിച്ച് ‘ദി ലേഡി ഓഫ് ഹെവൻ’ എന്ന സിനിമയ്‌ക്കെതിരായി നടന്ന പ്രതിഷേധത്തെ പിന്തുണച്ച ഇമാമിനെ സർക്കാർ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് മാറ്റി. 44 കാരനായ ഖാരി അസിമിനെയാണ് ഇസ്‌ലാമോഫോബിയ കൺസൾട്ടന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. പ്രവാചകൻ മുഹമ്മദ് നബിയുടെ മകളെക്കുറിച്ചുള്ള സിനിമയായ ‘ദി ലേഡി ഓഫ് ഹെവൻ’ എന്ന സിനിമയുടെ പ്രദർശനം തടയണമെന്ന പ്രചാരണത്തിന് അദ്ദേഹം പിന്തുണ നൽകിയിരുന്നു. മതനിന്ദ നിറഞ്ഞ സിനിമയുടെ പ്രദർശനം നിർത്തിവെക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ജൂബിലി വാരാന്ത്യത്തിലാണ് യുകെയിൽ ഈ സിനിമ റിലീസ് ചെയ്തത്.
ബ്രാഡ്‌ഫോർഡ്, ബോൾട്ടൺ, ബർമിംഗ്ഹാം , ഷെഫീൽഡ് എന്നിവിടങ്ങളിലെ സിനിമ തിയേറ്ററിന് പുറത്ത് ശക്തമായ പ്രതിഷേധം നടന്നു. മുസ്ലീങ്ങൾക്ക് വളരെയധികം വേദനയും നിന്ദയും ഉണ്ടാക്കുന്ന സിനിമയാണ് ‘ദ ലേഡി ഓഫ് ഹെവൻ’ എന്ന് അസിം പറഞ്ഞതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. ലീഡ്‌സിലെ മക്ക മസ് ജിദിലെ പ്രധാന ഇമാമാണ് ഖാരി അസിം.
“വർഗീയ സംഘർഷങ്ങൾക്ക് കാരണമാകുന്ന പ്രചാരണത്തിന് പിന്തുണ നൽകിയത് ഈ സ്ഥാനത്തിന് യോജിച്ചതല്ല. സമുദായ സൗഹാർദ്ദം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാനാണ് ശ്രമിക്കേണ്ടത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ നൽകുന്നത് ഒരു സർക്കാർ ഉപദേഷ്ടാവിന് ചേരുന്നതല്ല.” അസീമിനെ നീക്കം ചെയ്തുകൊണ്ട് ലെവലിംഗ് അപ്, ഹൗസിംഗ് & കമ്മ്യൂണിറ്റീസ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ കത്തിൽ പറയുന്നു.
2019 ൽ ബോറിസ് ജോൺസൺ പ്രധാനമന്ത്രിയാകുന്നതിന് ഒരു ദിവസം മുമ്പാണ് അസിമിനെ സർക്കാർ ഉപദേഷ്ടാവായി നിയമിച്ചത്. അതേസമയം, ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയെ കരുതി സിനിവേൾഡ് രാജ്യവ്യാപകമായി ഈ ചിത്രത്തിന്റെ എല്ലാ പ്രദർശനങ്ങളും റദ്ദാക്കി. ഇസ്‌ലാമിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന ചിത്രമാണിതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
Leave a Reply