ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്റെ കെട്ടുറപ്പിനെ പിന്തുണയ്ക്കുന്ന ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പട്ടതില്‍ യൂറോപ്യന്‍ യൂണിയന് ആശ്വാസം. ലീ പെന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ബ്രിട്ടന്റെ പാത പിന്തുടരുമോ എന്ന ആശങ്ക നിലവിലുണ്ടായിരുന്നു. ഈ ആശങ്കയ്ക്കാണ് മാക്രോണ്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ വിരാമമായത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മാക്രോണിനെ അഭിനന്ദിക്കാന്‍ ആദ്യം രംഗത്തെത്തിയ രാഷ്ട്രത്തലവന്‍മാരില്‍ പ്രധാനമന്ത്രി തെരേസ മേയ് ആയിരുന്ന പ്രമുഖ എന്നതും ശ്രദ്ധേയമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവിബന്ധങ്ങള്‍ ശക്തമാകുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഡൗണിംഗ് സ്ട്രീറ്റിന്റെ പ്രസ്താവന.

ബ്രിട്ടന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് ഫ്രാന്‍സ് എന്നും ഒട്ടേറെ കാര്യങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്നും പ്രസ്താവന പറയുന്നു. യൂറോപ്പിന്റെ ഭാവി നിര്‍ണ്ണയിക്കാന്‍ ഫ്രഞ്ച് ജനത തയ്യാറായതില്‍ സന്തോഷമുണ്ടെന്നായിരുന്നു യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കര്‍ പറഞ്ഞത്. ശക്തമായ യൂറോപ്പിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ജങ്കര്‍ പ്രസ്താവനയില്‍ പറഞ്ഞു. ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കലും യൂറോപ്പിന്റെ കെട്ടുറപ്പിനെ മാക്രോണ്‍ അധികാരത്തിലെത്തിയത് വളരെയേറെ സഹായിക്കുമെന്നാണ് പറഞ്ഞത്.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക് പോകുന്ന ബ്രിട്ടനോട് മാക്രോണിന്റെ നിലപാട് എന്തായിരിക്കും എന്നത് ഇനിയും അറിയാനിരിക്കുന്നതേയുള്ളു. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഫ്രാന്‍സ് സ്വീകരിക്കുന്ന നിലപാടുകളും ഈ ബന്ധത്തെ നിര്‍ണ്ണയിക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമടുത്ത വാണിജ്യ, നയതന്ത്ര ബന്ധങ്ങള്‍ പുലര്‍ത്തുന്ന ഈ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെയും ഇനി ബ്രെക്‌സിറ്റ് നിലപാടുകളായിരിക്കും നിര്‍ണ്ണയിക്കുക.