ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കുടിയേറ്റക്കാരെ വീണ്ടും പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ് ബ്രിട്ടീഷ് സർക്കാറിന്റെ പുതിയ തീരുമാനം. 2024 ജനുവരി മുതൽ കുടിയേറ്റക്കാരുടെ ഹെൽത്ത് സർചാർജ് വീണ്ടും വർദ്ധിപ്പിക്കാനാണ് ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇമിഗ്രേഷൻ ഹെൽത്ത് സർചാർജിന്റെ പ്രാഥമിക നിരക്ക് പ്രതിവർഷം 624 പൗണ്ടിൽ നിന്നും 1035 പൗണ്ടിലേക്ക് വർദ്ധിപ്പിക്കാനാണ് സർക്കാർ തീരുമാനമായിരിക്കുന്നത്. വിദ്യാർത്ഥികൾക്കും 18 വയസ്സിന് താഴെയുള്ള അപേക്ഷകർക്കും, സർചാർജ് പ്രതിവർഷം 470 പൗണ്ടിൽ നിന്നും 776 പൗണ്ടായി വർദ്ധിക്കും. ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് എന്നത് യുകെയിൽ പ്രവേശനത്തിനോ താമസത്തിനോ വേണ്ടി ഒരു അപേക്ഷ സമർപ്പിക്കുമ്പോൾ നൽകേണ്ട നിർബന്ധിത മുൻകൂർ പേയ്‌മെന്റാണ്. പുതിയ തീരുമാനം നടപ്പിലാക്കുന്നതിന് മുമ്പ് അപേക്ഷകൾ സമർപ്പിക്കുന്നവർക്ക്, ഉയർന്ന സർചാർജ് ബാധകമാകില്ല. കരട് നിയമനിർമ്മാണത്തിന് ഇനിയും പാർലമെന്റ് അംഗീകാരം നൽകിയിട്ടില്ലെങ്കിലും, ഇത് പൂർത്തിയായാൽ ഉടൻ ഉത്തരവ് നടപ്പിലാക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇമിഗ്രേഷൻ ഹെൽത്ത് സർചാർജിന്റെ പേയ്‌മെന്റ് കുടിയേറ്റക്കാർക്ക് അവരുടെ വിസയുടെ കാലയളവിലുടനീളം യുകെയിലെ ദേശീയ ആരോഗ്യ സേവനത്തിലേക്ക് പ്രവേശനം നേടാൻ സഹായിക്കുന്നതാണ്. യുകെയിലേക്കെത്തുന്ന സന്ദർശകരും, ഇ യു സെറ്റിൽമെന്റ് സ്കീമിന് കീഴിൽ അപേക്ഷിക്കുന്നവരും ഹെൽത്ത് ആന്റ് കെയർ വ്യവസ്ഥകൾക്ക് കീഴിൽ അപേക്ഷിച്ചവരുമാണ് സാധാരണയായി ഈ സർചാർജിൽ നിന്നും ഒഴിവാക്കപ്പെടുന്നത്.

ദേശീയ ആരോഗ്യ സേവനത്തിലെ ജീവനക്കാരും അവരുടെ ആശ്രിതരും ഈ സർചാർജിൽ നിന്നും ഒഴിവായിരിക്കുമെന്ന് ഹോം ഓഫീസ് ഒരിക്കൽ കൂടി സ്ഥിരീകരിച്ചുണ്ട്. കൂടാതെ, യുകെയ്ക്ക് പുറത്ത് നിന്ന് ആറ് മാസത്തിൽ താഴെ കാലാവധിയുള്ള ഇമിഗ്രേഷൻ അനുമതിക്ക് അപേക്ഷിക്കുന്നവരെ ആരോഗ്യ സർചാർജ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2020 ഒക്ടോബറിന് ശേഷം ഹെൽത്ത് സർചാർജ് സർക്കാർ വർദ്ധിപ്പിച്ചിട്ടില്ല. ആരോഗ്യ പരിപാലനത്തിന്റെ വർദ്ധിച്ച ചെലവും കുടിയേറ്റക്കാരുടെ ജനസംഖ്യാ വർദ്ധനവ് ചെലുത്തുന്ന അധിക സമ്മർദ്ദവും മൂലമാണ് ഇത്തരം ഒരു തീരുമാനത്തിലേയ്ക്ക് സർക്കാർ എത്തിയതെന്ന് ഹോം ഓഫീസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.