ലണ്ടൻ: യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒരു വർഷമായി കടന്നുപോകുന്നത് കടുത്ത വിഷമങ്ങളിൽകൂടിയാണ്. പ്രവാസികളായി യുകെയിൽ എത്തിയത് കൂടുതലും നേഴ്സുമാരായിട്ടാണ്.. കൊറോണയുടെ വരവോടെ രാപകലില്ലാതെ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്… മുന്നിൽ മരിച്ചുവീശുന്ന രോഗികൾ ഒരു വശത്തും അകാലത്തിൽ വിടപറഞ്ഞ ഒരുപിടി സഹപ്രവർത്തകരോ കൂട്ടുകാരോ… വാക്സീൻ നൽകി പ്രത്യാശയുടെ കിരണങ്ങൾ തെളിയുമ്പോഴും കൊറോണയെന്ന വൈറസ് എത്രമാത്രം വേദനയാണ് തരുന്നത് എന്ന് ലണ്ടനിൽ താമസിക്കുന്ന ജോസ്ന സെബാസ്റ്റ്യൻ എന്ന മലയാളി നഴ്സിങ് വിദ്യാർത്ഥിനിയുടെ ഫേസ്ബുക് പോസ്റ്റ് വെളിവാക്കുന്നു..
കുറിപ്പ് വായിക്കാം..
കോവിടിന്റെ ചിലദിവസങ്ങള്‍ കേള്‍ക്കുന്നതിനേക്കാള്‍ എത്രയോ ഭയാനകരമാണെന്നു മനസിലാക്കുന്നത് പലതും നേരിട്ടുകാണിമ്പോള്‍ മാത്രമാണ് . മരണങ്ങള് കണ്ടു കണ്ടു മനവും തലയുമിന്നു മരവിച്ചിരിക്കുന്നു.. പണ്ടൊരു മരണമെന്ന് കേട്ടാല്‍ നെഞ്ചത്തടിച്ചു കരയുന്ന തലമുറയിന്നു നമുക്കന്യമായിരിക്കുന്നു.
രോഗശയ്യയിലാകുന്ന കൗമാരക്കാര്‍.. മരണത്തോട് മല്ലുപിടിക്കുന്ന പലവീടിന്റെയും നേടും തൂണായി പൊരുതുന്ന 40 നും അമ്പതിനും താഴെ പ്രായമുള്ളവര്‍ ..
അവരുടെ ശ്വാസത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ എണ്ണി തീര്‍ത്തു മരണമുറപ്പിക്കാന്‍ മാത്രം വിധിക്കപെട്ട ആരോഗ്യപ്രവര്‍ത്തകര്‍… തന്റെ എല്ലാമെല്ലാം ആയിരുന്നവരെ മരണംമാടിവിളിക്കുന്നതു വീഡിയോ കോളിലൂടെ കണ്ടു സ്വതം നെഞ്ചുപൊട്ടി സ്വയം ഇല്ലാതാകാന്‍ വിധിക്കപെട്ട വീട്ടുകാര്‍.. മക്കള്‍ .. ബന്ധുക്കള്‍ .. കൂട്ടുകാര്‍..
അന്യനാടുകളില്‍ മക്കള്‍ മക്കളുടെ കൂടുംതേടി പോകുമ്പോള്‍ ഏകാന്തതയിലേക്കു തള്ളിവീഴ്ത്തപ്പെടുന്ന വൃദ്ധരായ മാതാപിതാക്കള്‍ … മക്കളുടെ അഭാവത്തിലും പരസ്പരം താങ്ങും തണലുമായി പിണങ്ങിയും പരിതപിച്ചും സ്നേഹിച്ചും താങ്കള്‍ക്ക് താങ്കള്‍ മാത്രമേ ഉള്ളു എന്ന് മനസിലുറച്ചും ദിനങ്ങള്‍ തള്ളി നീക്കുന്നിടത്തു പെട്ടെന്ന് നിനച്ചിരിക്കാത്ത ഒരുദിനം ഒരുവില്ലനായ് കടന്നുവരുന്ന കോവിഡ്…
തന്റെ പ്രിയതമനു പോസിറ്റീവ് ആയി ഹോസ്പിറ്റലിലേക്ക് മാറ്റുന്ന നെഞ്ചില്‍ പുകച്ചില്‍ ആറും മുമ്പേ അവളും പോസിറ്റീവായ് വേറൊരു വാര്‍ഡിലേക്ക് പരസ്പരം കാണാന്‍ പോലും പറ്റാത്ത ഐസൊലേഷനിലേക്കു മാറ്റപ്പെടുന്നതും രണ്ടുപേരും ഒരേസമയം മരണം കാത്തുകിടക്കുന്നതും നേരിട്ട് കാണുക ദുഷ്കരം … അതിനുപുറമെ തന്റെ അന്ത്യകിടക്കയില്‍ തന്നെ തന്റെ പ്രിയതമന്റെ മരണവാര്‍ത്ത കേള്‍ക്കേണ്ടിവരുക… താന്‍ ഊട്ടി ഉറക്കിയ മക്കളെയോ തന്റെ സ്വന്തം പാതിയെയോ ഒരുനോക്കു പോലും കാണാന്‍ പറ്റാതെ രണ്ടുപേരും ഒരുപോലെ മരണത്തിന്റെ ഇരുണ്ട ഇടനാഴികളിലേക്ക് മാറ്റപെടുക….
മോര്‍ചെറിയില്‍ പോലും സ്ഥലപരിമിതി കാരണം വെളിയില്‍ മഞ്ഞും തണുപ്പും മഴയും കൊണ്ട് അരൊരുമില്ലാത്ത മാംസപിണ്ഡങ്ങളായ് മൂടികിടക്കുക ഒക്കെ മനസിനെ താളം തെറ്റിക്കുന്ന സ്ഥിര കാഴ്ചകളായ് മാറികൊണ്ടിരിക്കുകയാണിന്നെന്നും..
ഇത്രയും നാള് സ്വന്തമാകുമെന്നു പറഞ്ഞു പലരും ഉറപ്പുനല്‍കിയ ആറടി മണ്ണുപോലും നമുക്കിന്നു സ്വന്തമല്ല . എല്ലാം ഒരു ഇലക്ട്രിക് സ്വിച്ചിന്റെ കേളിയിലൂടെ നമ്മളീ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതിന് സാക്ഷിയായ് ഒരു പിടി മണ്ണുപോലുമവശേഷിക്കാതെ മായയായ് പോകുന്ന മനുഷ്യ ജന്മങ്ങള് …. നമ്മള് ജീവിക്കുന്ന ഈ നിമിഷം മാത്രമേ നമുക്ക് സ്വന്തമായുള്ളു എന്ന് പറയാതെ പറഞ്ഞു പോകുന്ന ഒരുപറ്റം മനുഷ്യര്‍ ….
ജോസ്ന സാബു സെബാസ്റ്റ്യന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!