ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലിവർപൂളിലെ മലയാളി വിദ്യാർത്ഥികളെ പോലീസും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർമാരും ചേർന്ന് സന്ദർശിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം. ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് സന്ദർശനത്തിന്റെ ഭാഗമായി നാല് ഉദ്യോഗസ്ഥരാണ് വീട്ടിൽ എത്തിയത്. ഓരോരുത്തരെയും വിശദമായി ചോദ്യം ചെയ്തതിനു ശേഷമാണ് സംഘം മടങ്ങിയത്. സന്ദർശനം അപ്രതീക്ഷിതമായിരുന്നെന്നും, എന്തെങ്കിലും നടപടി കൈകൊണ്ടിട്ടിട്ടുണ്ടോ എന്നുള്ളതിൽ വ്യക്തത ഒന്നുമില്ലെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്.

ഓരോരുത്തരോടും മണിക്കൂറുകൾ സമയമെടുത്താണ് ഉദ്യോഗസ്ഥർ സംസാരിച്ചത്. അതിനോടൊപ്പം യുകെയിൽ എത്തിയതു മുതലുള്ള എല്ലാ വിവരങ്ങളും നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. അവരുടെ കൈവശം ഉണ്ടായിരുന്ന ചോദ്യങ്ങൾ അനുസരിച്ചായിരുന്നു കാര്യങ്ങൾ മുന്നോട്ട് നീങ്ങിയത്. എപ്പോൾ എത്തി, ഇമിഗ്രേഷൻ സ്റ്റാറ്റസ്, ജോലി, ബാങ്ക് അക്കൗണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അവർ തിരക്കിയത്. ഇതിലൊന്നും ഒരു സംശയവും തോന്നുന്നില്ലെന്നും, എന്തുകൊണ്ടാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായതെന്ന് അറിയില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

ചോദ്യം ചെയ്യലിന് ശേഷം നൽകിയ മൊഴിയിൽ എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാൽ വിളിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. വിദ്യാർഥികളുടെ രേഖകളുടെ ചിത്രങ്ങളും ഉദ്യോഗസ്ഥർ എടുത്തു. നിയമവിരുദ്ധമായ ജോലികൾക്കെതിരെയുള്ള റെയ്ഡുകൾ വർധിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രതിജ്ഞയനുസരിച്ച് കഴിഞ്ഞ മാസം മുതൽ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ഹോം ഓഫീസ് കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്. കുടിയേറ്റം തടയുന്നതിനുള്ള നടപടികൾ കൈകൊള്ളുമെന്ന് പ്രധാനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിയമവിരുദ്ധമായി ജോലി ചെയുന്ന ധാരാളം വിദ്യാർത്ഥികൾ യുകെയിലുണ്ട്. അതിനെയെല്ലാം മുൻ നിർത്തിയാണ് പരിശോധന വ്യാപിപ്പിച്ചിരിയ്ക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്