ലണ്ടന്‍ : ഇമോഗന്‍ കൊടുങ്കാറ്റ് യുകെയില്‍ ദുരിതം വിതച്ചു. എണ്‍പതു മൈല്‍ വേഗത്തില്‍ വീശിയടിക്കുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമെങ്കിലും ഇമോഗന്റെ പ്രഹരശേഷി 96 മൈല്‍ വേഗത്തിലായിരുന്നു. കാറ്റില്‍ യു.കെയുടെ ദക്ഷിണമേഖലയില്‍ കനത്ത നാശമാണ് ഉണ്ടായത്. റെയില്‍, റോഡ്, വ്യോമ ഗതാഗതം താറുമാറായി. കൊടുങ്കാറ്റില്‍ മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനുകളില്‍ വീണതോടെ അയ്യായിരത്തോളം വീടുകള്‍ ഇരുട്ടിലായി. ടോണ്ടണില്‍ നദിയില്‍ വീണ് ഒരാളെ കാണാതായി. വാഹനവുമായി നിരത്തിലിറങ്ങിയവരും ഏറെ ബുദ്ധിമുട്ടി. കാറ്റില്‍ വാഹനങ്ങള്‍ക്കുമുകളില്‍ വൃക്ഷങ്ങള്‍ പതിച്ച് കാറുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്‌.
രാജ്യത്തിന്റെ തെക്കു പടിഞ്ഞാറന്‍ മേഖലയിലും മിഡ്‌ലാന്‍ഡ്‌സ്, വെയില്‍സ് എന്നീ മേഖലകളിലാണ് കൂടുതല്‍ ദുരിതം. ശക്തമായ മഴയില്‍ വെയില്‍സിലും ദക്ഷിണ ഇംഗ്ലണ്ടിലും റെയില്‍ട്രാക്കുകളില്‍ വെള്ളം ഉയര്‍ന്നതോടെ ട്രെയിന്‍ ഗതാഗതവും താറുമാറായി. ഫെറി സര്‍വീസുകളും റദ്ദാക്കി. ഗാറ്റ്‌വിക് വിമാനത്താവളത്തില്‍നിന്നുള്ള ചില സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്.

imogan2

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അരീവ ട്രെയിന്‍സ് വെയില്‍സ്, ഗ്രേറ്റ് വെസ്‌റ്റേണ്‍ റെയില്‍വേ, സതേണ്‍, സൗത്ത് വെസ്റ്റ് ട്രെയിന്‍സ്, ഗാറ്റ്‌വിക് എക്‌സ്പ്രസ്, സൗത്ത് ഈസ്‌റ്റേണ്‍, തെംസ്ലിങ്ക് തുടങ്ങിയ ശൃംഖലകളിലെ സര്‍വീസുകളെ ഇമോഗന്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ റൂട്ടുകളില്‍ വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയതായി നാഷണല്‍ റെയില്‍ അധികൃതര്‍ അറിയിച്ചു. തെക്കന്‍ മേഖലകളില്‍ 63 അടി ഉയരത്തില്‍വരെ തിരമാലകള്‍ വീശീയടിച്ചതായി അധികൃതര്‍ അറിയിച്ചു.

ഇംഗ്ലണ്ടിലും വെയില്‍സിലുമായി കഴിഞ്ഞ ദിവസം 147 ജാഗ്രതാനിര്‍ദേശങ്ങളും 45 മുന്നറിയിപ്പുകളും നല്‍കിയിരുന്നു. കാര്‍ഡിഫിലും ബ്രിസ്റ്റോളിലും യെല്ലോ വാര്‍ണിംഗ് പുറപ്പെടുവിച്ചു. നാളെ കാറ്റിന് ശമനം ഉണ്ടാകുമെങ്കിലും വരുന്ന വാരാന്ത്യത്തോടെ സ്ഥിതിഗതികള്‍ വീണ്ടും മോശമാകും.ഹെന്‍ട്രി, ഗെര്‍ട്രൂഡ്, ജോനാസ് എന്നീ പേരുകളില്‍ അടുത്തിടെ യുകെയില്‍ എത്തിയ കൊടുങ്കാറ്റുകള്‍ വലിയ നാശം സൃഷ്ടിച്ചിരുന്നു.