ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ട്രാൻസ്ജെൻഡർ വിദ്യാർഥികളെ സംബന്ധിച്ച് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ ബ്രിട്ടീഷ് സർക്കാർ പുറത്തിറക്കി. ട്രാൻസ് വിദ്യാർത്ഥികളെ ശരിയായ രീതിയിൽ സംബോധന ചെയ്യാൻ ആകാതെ വരുന്ന സഹവിദ്യാർഥികൾക്കും അധ്യാപകർക്കും ശിക്ഷകൾ ഒന്നും തന്നെ ഉണ്ടാവുകയില്ല എന്നതാണ് പുതിയ വിദ്യാഭ്യാസ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശം സൂചിപ്പിക്കുന്നത്. അതോടൊപ്പം തന്നെ ജെൻഡർ മാറുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചുള്ള വിവരങ്ങൾ ആദ്യം അവരുടെ മാതാപിതാക്കളെ അറിയിക്കണമെന്ന പുതിയ നിർദ്ദേശവും മാർഗ്ഗനിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ സംബന്ധിച്ചുള്ള തീരുമാനങ്ങളിൽ മാതാപിതാക്കളുടെ ഇടപെടൽ വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന ബോധ്യമുണ്ടായതിനെ തുടർന്നാണ് സർക്കാർ ഇത്തരം ഒരു തീരുമാനത്തിൽ എത്തിയിരിക്കുന്നതെന്ന് ഗവൺമെന്റ് വക്താവ് അറിയിച്ചു.

ട്രാൻസ് വിദ്യാർഥികളെ സംബോധന ചെയ്യുവാനായി കൃത്യമായ സർവനാമങ്ങൾ ഉപയോഗിക്കുവാൻ കഴിയാതെ വരുന്ന അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മേൽ സമ്മർദ്ദങ്ങൾ ഉണ്ടാവുകയില്ലെന്നും അദ്ദേഹം അറിയിച്ചു. ഒരു കുട്ടി തിരഞ്ഞെടുത്ത സർവ്വനാമങ്ങൾ ഉപയോഗിക്കുവാൻ അധ്യാപകരെയും വിദ്യാർത്ഥികളെയും നിർബന്ധിക്കരുത്, അവർ തെറ്റ് ചെയ്താൽ ശിക്ഷിക്കരുതെന്നും പുതിയ മാനദണ്ഡങ്ങൾ വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ ശുചിമുറികൾ, വസ്ത്രം മാറുന്ന മുറികൾ, ഡോർമിറ്ററികൾ എന്നിവയുൾപ്പെടെ ലിംഗ-നിഷ്‌പക്ഷമായ സൗകര്യങ്ങൾ നൽകാൻ സ്‌കൂളുകൾക്ക് ബാധ്യതയില്ലെന്ന പുതിയ നിർദ്ദേശവും പുറത്തുവന്നിട്ടുണ്ട്.


സമ്മിശ്ര വികാരങ്ങളാണ് സർക്കാരിന്റെ പുതിയ തീരുമാനത്തെ സംബന്ധിച്ച് പുറത്തുവന്നിരിക്കുന്നത്. സ്‌കൂളുകളിൽ നിന്ന് ട്രാൻസ് ഐഡിയോളജി വേരോട് നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കുമെന്ന് പറഞ്ഞുകൊണ്ട് ലിംഗ-വിമർശക പ്രചാരകർ മാർഗ്ഗനിർദ്ദേശത്തെ സ്വാഗതം ചെയ്തു. വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗനും തുല്യതാ മന്ത്രി കെമി ബാഡെനോക്കും ചേർന്നാണ് ഈ മാർഗ്ഗ നിർദ്ദേശം തയ്യാറാക്കിയത്. ഇംഗ്ലണ്ടിലെ എല്ലാ ഗവൺമെന്റ് , സ്വതന്ത്ര സ്കൂളുകൾക്കും ഇത് ബാധകമാകും.