ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിൽ പ്രതിദിനം ഒരു ലക്ഷത്തോളം പേർക്ക് കൊറോണ വൈറസ് പിടിപെടുന്നുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു. ലണ്ടനിലെ ഇംപീരിയൽ കോളേജ് നടത്തിയ പഠനത്തിൽ, പകർച്ചവ്യാധിയുടെ വേഗത വർദ്ധിക്കുന്നതായും രോഗബാധിതരുടെ എണ്ണം ഇപ്പോൾ ഒൻപത് ദിവസത്തിലൊരിക്കൽ ഇരട്ടിയായതായും കണക്കാക്കുന്നു. രാജ്യം ഒരു നിർണായക ഘട്ടത്തിലാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. രാജ്യത്തെ കോവിഡ് -19 വ്യാപനത്തിന്റെ ഏറ്റവും കാലികമായ വിലയിരുത്തലാണ് ഇംപീരിയൽ കോളേജിൽ നടന്ന റിയാക്ട് 1 പഠനം. ഇംഗ്ലണ്ടിലെ എല്ലാ പ്രദേശങ്ങളിലും എല്ലാ പ്രായക്കാരിലും കേസുകൾ വർധിക്കുന്നതായി പഠനം വ്യക്തമാക്കുന്നു.

സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ്‌ ഓഫ് ഇംഗ്ലണ്ട്, ലണ്ടൻ എന്നിവിടങ്ങളിൽ എല്ലാം ആർ റേറ്റ് 2 ന് മുകളിലാണ്. ലണ്ടനിൽ 2.86 ആണ് ആർ റേറ്റ്. പ്രതിദിനം 96,000 ആളുകൾക്ക് വൈറസ് പിടിപെടുകയാണെന്ന് പഠനത്തിൽ പറയുന്നു. രോഗത്തെ ചെറുക്കാൻ നിലവിലെ നടപടികൾ പര്യാപ്തമല്ലെന്ന് ഗവേഷണ സംഘത്തിലെ അംഗമായ പ്രൊഫ. സ്റ്റീവൻ റിലേ അറിയിച്ചു. ക്രിസ്മസിന് മുമ്പ് ഒരു മാറ്റം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിയമങ്ങൾ കൂടുതൽ കൃത്യമായി പാലിക്കാൻ പൊതുജനങ്ങൾ സന്നദ്ധരാകണം. അതിന് സാധിക്കാതെ വന്നാൽ സർക്കാർ കർശനമായ നടപടികളിലേക്ക് കടക്കും.

രണ്ടാം തരംഗത്തിന്റെ നിർണായക ഘട്ടത്തിലാണ് നമ്മളെന്നും രോഗം പടർന്നുപിടിക്കുന്നത് അനേക ജീവൻ നഷ്ടപ്പെടുന്നതിന് കാരണമാകുമെന്നും പ്രൊഫ. പോൾ എലിയട്ട് പറഞ്ഞു. വൈറസിന്റെ വ്യാപനം തടയുന്നതിന് നാം ഇടപഴകുന്ന ആളുകളുടെ എണ്ണം കുറയ്‌ക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ 310 പേർ കൂടി രോഗം ബാധിച്ചു മരണമടഞ്ഞു. ആഗോളതലത്തിൽ രോഗവ്യാപനം ഉയരുന്നതിന്റെ ഭാഗമായി പ്രതിരോധ നടപടിയെന്നോണം ഫ്രാൻ‌സും ജർമനിയും ലോക്ക്ഡൗണിലേക്ക് കടക്കുകയാണ്.