ഡോക്ടർ എ. സി. രാജീവ് കുമാർ
“വിഘ്നഭൂതാ യദാ രോഗ: പ്രാദുർഭൂതാ ശാരീരിണാം
സമേതാ പുണ്യകർമണ: പാർശ്വ ഹിമവത: ശുഭേ ”
വേദകാല പാരമ്പര്യം അവകാശപ്പെടുന്ന ആയുർവേദ ആരോഗ്യരക്ഷാ ശാസ്ത്രത്തിന്റെ ഉത്ഭവം സംബന്ധിച്ചുള്ള ചരിത്രം പലവിധത്തിൽ ഉണ്ട്. ആയുരാരോഗ്യത്തിനായി മനുഷ്യൻ അനുവർത്തിച്ചു പോന്ന ആചാരങ്ങൾ അനുഷ്ടിക്കാൻ ആവാത്ത തരത്തിൽ രോഗങ്ങൾ ഉണ്ടായപ്പോൾ ആചാര്യന്മാർ ഹിമാലയ സാനുക്കളിൽ കൂടി വിചിന്തനം ചെയ്തു രൂപം നൽകിയ ശാസ്ത്രം ആണ് ആയുർവ്വേദം എന്നതാണ് ഒരു ചരിത്രം.
ചികിത്സയെപ്പറ്റി ആയുർവേദ ചിന്തകന്മാർക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ഒരു രോഗത്തിന് ചെയ്യുന്ന പ്രതിവിധികൾ മറ്റൊരു രോഗത്തിന് ഇടയാക്കുന്നതായിരിക്കരുത്.
“പ്രയോഗ ശമയേത് വ്യാധിം യോ അന്യം അന്യം ഉദീരയേത് ന അസൗ വിശുദ്ധ :, ശുദ്ധസ്തു ശമയേത് യോ ന കൊപയേത് ” മറ്റൊരു രോഗത്തിനിടയാക്കുന്ന ചികിത്സ ശുദ്ധ ചികിത്സ അല്ല. ശുദ്ധ ചികിത്സ മറ്റൊരു രോഗത്തിന് ഇടയാക്കുന്നതല്ല. ആയിരമായിരം നൂറ്റാണ്ടുകളിലൂടെ അനുദിനം അനുഭവിച്ചറിഞ്ഞ നൂറു കണക്കിന് ഔഷധ, ആഹാര, ചികിത്സാ പ്രയോഗങ്ങളിലൂടെ ആണ് ആയുർവ്വേദം ഇന്നും നിലനിൽക്കുന്നത്.
ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ പിൻബലത്തിൽ വളർച്ച പ്രാപിച്ച ആധുനിക ചികിത്സയിൽ ഇത്തരം ഒരു ആശയം മുമ്പോട്ട് വെക്കാൻ ആവുമോ? ആന്റിബയോട്ടിക്കിനൊപ്പം വിറ്റാമിൻ, വേദനയും നീർക്കെട്ടിനുമുള്ള മരുന്നിനൊപ്പം അന്റാസിഡുകൾ, ഇത്ര കാലവും നൽകിയ റാണിടൈഡിൻ പോലുള്ളവ കാൻസർ കാരണമായവയാണെന്ന കണ്ടെത്തൽ മൂലം നിരോധിക്കപ്പെടുന്നു. കൊളെസ്റ്ററോൾ എന്ന വിചിത്ര ഭീകരത അകറ്റാനുള്ള സ്റ്റാറ്റിന്റെ ഉപയോഗം അങ്ങനെ പലതും മാറ്റി മാറ്റി പറയുന്നു. ഈ മാറ്റം ശാസ്ത്രം എന്ന ചിന്തക്ക് പോലും നിരക്കുന്നതാണോ?
കാലം തെളിയിച്ച, ആയിരമായിരം വർഷങ്ങളിലൂടെ ജനങ്ങൾ വിശ്വാസം അർപ്പിച്ച ആരോഗ്യരക്ഷാ ശാസ്ത്രം ആണ് ആയുർവ്വേദം. പ്രകൃതി ദത്തമായ ഔഷധങ്ങളും ആഹാരവിഹാരങ്ങളുമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ജീവിതശൈലിക്ക് രോഗ ഉത്പാദനത്തിലും, രോഗ നിർഹരണത്തിലും ഉള്ള പങ്ക് എത്രയോ വലുതെന്നറിഞ്ഞ പ്രകൃതിയുടെ ആരോഗ്യപരിപാലനം, ആയുർവേദത്തിന്റെ ശക്തിയായി നിലനിൽക്കുന്നു. കാലം തെളിയിച്ച പ്രകൃതിയുടെ ആരോഗ്യരക്ഷ അതാണ് ആയുർവ്വേദം.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
Leave a Reply