പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ആദി’. ‘Some lies can be deadly’ എന്ന് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഇമോഷണല്‍ ത്രില്ലറാണെന്നാണ് ജീത്തു ജോസഫിന്റെ വിശദീകരണം. കൊച്ചിയില്‍ ചിത്രീകരണമാരംഭിച്ച ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ബംഗളൂരുവിലാണ്. നായകനാവുന്നതിന് മുന്‍പ് പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ രണ്ട് ജീത്തു ജോസഫ് ചിത്രങ്ങളില്‍ പ്രണവ് സംവിധാന സഹായിയായിട്ടുണ്ട്. ഇപ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ ഒരു അഭിനേതാവാകുമ്പോള്‍ മോഹന്‍ലാലുമായി ഏതെങ്കിലും തരത്തിലുള്ള സാമ്യമുണ്ടോ പ്രണവിന്? അത്തരമൊരു താരതമ്യം നടത്തിയിട്ടുണ്ടോ? മോഹന്‍ലാലിനെ നായകനാക്കി ‘ദൃശ്യം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയ ജീത്തു ജോസഫ് പറയുന്നു.

ഇരുവര്‍ക്കുമിടയില്‍ ഒരു താരതമ്യം പാടില്ല എന്ന അഭിപ്രായക്കാരനാണ് താനെന്ന് ജീത്തു ജോസഫ് നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഓരോ അഭിനേതാക്കള്‍ക്കും ഓരോ പ്രത്യേകതകളല്ലേ ഉള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.

അത്തരമൊരു താരതമ്യം ഒരിക്കലും പാടില്ല. അങ്ങനെ ചെയ്യുന്നവര്‍ ഒന്നുകില്‍ ബുദ്ധിയില്ലാത്തവരാണ്. അല്ലെങ്കില്‍ ബോധപൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ്. അല്ലെങ്കിലും എന്തിനാണ് ഒരഭിനേതാവിനെ മറ്റൊരാളുമായി താരതമ്യപ്പെടുത്തുന്നത്? ഓരോ അഭിനേതാക്കള്‍ക്കും ഓരോ പ്രത്യേകതകളുണ്ട്. അവര്‍ കഥാപാത്രങ്ങളെ കണ്‍സീവ് ചെയ്യുന്നതും വെവ്വേറെ രീതികളിലാണ്. അത് മമ്മൂട്ടിയായാലും മോഹന്‍ലാലായാലും സുകുമാരനായാലും ദുല്‍ഖറായാലും പൃഥ്വിരാജായാലും ഇനി പ്രണവ് ആയാലും അങ്ങനെതന്നെ ആയിരിക്കും.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മൂന്ന് പ്രധാന സ്ത്രീ കഥാപാത്രങ്ങളുണ്ട്. ലെന, അനുശ്രീ, അതിഥി രവി എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിജു വില്‍സണ്‍,ഷറഫുദ്ദീന്‍, നോബി, ടോണി ലൂക്ക്, സിദ്ദീഖ് എന്നിവരും ചിത്രത്തിലുണ്ട്. മികച്ച ചിത്രം സമ്മാനിക്കാനുള്ള പരിശ്രമത്തിലാണെന്നും ഒമ്പതാമത്തെ ചിത്രം മുന്‍ചിത്രങ്ങളെക്കാള്‍ വെല്ലുവിളി നിറഞ്ഞതാണെന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നു. സതീഷ് കുറുപ്പ് ക്യാമറയും അനില്‍ ജോണ്‍സണ്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ലിന്റാ ജീത്തുവാണ് വസ്ത്രാലങ്കാരം. അയൂബ് ഖാന്‍ ആണ് എഡിറ്റിംഗ്.