ബോട്ടുമുങ്ങിയതിനെ തുടർന്ന് ഒറ്റ മുളംതടിയിൽ പിടിച്ച് രബീന്ദ്രനാഥ് ദാസ് ബംഗാൾ മഹാസമുദ്രത്തിൽ കിടന്നത് 5 ദിവസം. ഭക്ഷണമോ വെള്ളമോ ലൈഫ് ജാക്കറ്റോ ഇല്ലാതെയാണ് അഞ്ചുദിവസം മുളംതടിയുടെ ബലത്തിൽ കിടന്നത്. ചിറ്റഗോംഗ് തീരത്തുവെച്ച് ബംഗ്ലാദേശി കപ്പൽ ഇദ്ദേഹത്തെ കണ്ടെത്തിയതോടെയാണ് ജീവിതത്തിലേക്ക് വീണ്ടും നീന്തി കയറിയത്.

കൊൽക്കത്തയിലെ കക്കദ്വീപ് സ്വദേശിയാണ് രബീന്ദ്രനാഥ്. ജൂലൈ നാലിനാണ് എഫ് ബി നയൻ-1 എന്ന മത്സ്യബന്ധനബോട്ടിൽ രബീന്ദ്രനാഥും സംഘവും പുറംകടലിലേക്ക് തിരിച്ചത്. കനത്ത കാറ്റിലും മഴയിലും ബോട്ട് ആടിയുലഞ്ഞ് മറിയുകയായിരുന്നു. രബീന്ദ്രനാഥിനൊപ്പമുണ്ടായിരുന്ന 11 പേരും കടലിലേക്ക് എടുത്ത് ചാടി. ഫ്യൂവൽടാങ്കുകൾ കെട്ടിവെച്ചിരുന്ന മുളംതടി അഴിച്ചെടുത്ത് ഓരോരുത്തരും അതുമായി ബന്ധിച്ച് കടലിൽ കിടന്നു.

എന്നാൽ ഓരോരുത്തരായി അതിജീവിക്കാനാകാതെ കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്നതിന് രബീന്ദ്രനാഥ് ദൃക്സാക്ഷിയായി. ആത്മധൈര്യം ഒന്നുകൊണ്ട് മാത്രമാണ് രബീന്ദ്രനാഥ് പിടിച്ചുനിന്നത്. അഞ്ചാംദിവസം കപ്പൽ രക്ഷപെടുത്തുന്നത് വരെ ഭക്ഷണമില്ലായിരുന്നു, ദാഹിക്കുമ്പോൾ ആശ്രയിച്ചത് മഴവെള്ളത്തെ മാത്രം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പലപ്പോഴും വലിയ തിരമാലകളിൽ ദൂരേക്ക് എറിയപ്പെട്ടു. ഭീകരൻ തിരമാലകളെ മറികടന്ന് നീന്തുകയല്ലാതെ മറ്റുമാർഗമില്ലായിരുന്നു. രബീന്ദ്രനാഥിനൊപ്പം അവസാനംവരെയും അനന്തരവൻ ഉണ്ടായിരുന്നു. എന്നാൽ കപ്പൽ വന്ന് രക്ഷപെടുത്തുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് അനന്തരവാനും കൺമുൻപിൽ മരണത്തിലേക്ക് മുങ്ങിപ്പോയി.

കപ്പൽ രബീന്ദ്രനാഥിനെ കണ്ടെങ്കിലും ഏകദേശം രണ്ടുമണിക്കൂറെടുത്താണ് രക്ഷിച്ചത്. തിരയിൽ ഒഴുകി ഒഴുകി പൊയ്ക്കോണ്ടിരുന്ന രബീന്ദ്രനാഥ് ഇടയ്ക്ക് കപ്പലിലുള്ളവരുടെ ദൃഷ്ടിയിൽ നിന്നും അകന്നുപോയിരുന്നു. എന്നാൽ അതെല്ലാം അതിജീവിച്ചാണ് ഇദ്ദേഹത്തെ വീണ്ടും ജീവിതത്തിലേക്ക് എത്തിച്ചത്.