ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ നിലവിൽ ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി, ഇനിമുതൽ ഇലക്ട്രിക് കാർ ഉടമകൾക്കും ടാക്സ് അടയ്ക്കണമെന്ന നിബന്ധന ഉടൻ നിലവിൽ വരും. വ്യാഴാഴ്ച നടത്തുന്ന പ്രസ്താവനയിൽ ചാൻസലർ ജെറെമി ഹണ്ട് ഈ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം ദ്രുതഗതിയിൽ ആയതോടെ , റോഡ് നികുതിയിൽ ഉണ്ടായിരിക്കുന്ന 7 ബില്യൺ പൗണ്ടിന്റെ കുറവ് നികത്താനാണ് ഈ നീക്കം. എന്നാൽ ഈ തീരുമാനം കടുത്ത വിമർശനങ്ങൾക്ക് വിധേയമാകുമെന്ന മുന്നറിയിപ്പുകളും ഉയർന്നു കഴിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവിൽ ഇന്ധന വിലയിൽ ഉണ്ടായിരിക്കുന്ന ക്രമാതീതമായ വർദ്ധന ജനങ്ങളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് നയിക്കുമ്പോൾ, അതിൽ സർക്കാർ ഏർപ്പെടുത്തുന്ന ടാക്സ് കൂടുതൽ പ്രതിഷേധങ്ങൾക്ക് വഴിതെളിക്കും. എന്നാൽ പൊതു ധനകാര്യത്തിന്റെ ദയനീയാവസ്ഥ അടുത്ത ആഴ്ചത്തെ ബജറ്റിൽ കടുത്ത തീരുമാനങ്ങളുടെ ഒരു നീണ്ട നിര തന്നെ എടുക്കേണ്ടിവരുമെന്ന് മിസ്റ്റർ ഹണ്ട് ഇന്നലെ മുന്നറിയിപ്പ് നൽകി കഴിഞ്ഞിരുന്നു. രണ്ട് വർഷം നീണ്ട സാമ്പത്തിക മാന്ദ്യത്തിലേക്ക് ബ്രിട്ടൻ പ്രവേശിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

നിലവിൽ ബ്രിട്ടന്റെ പൊതു ധനകാര്യത്തിൽ ഉണ്ടായിരിക്കുന്ന വിടവ് ഏകദേശം 54 മില്യൺ പൗണ്ടാണെന്നാണ് ഏകദേശം കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ടാക്സുകൾ വർദ്ധിപ്പിക്കുന്നതും പൊതു ചെലവുകൾ കുറയ്ക്കുന്നതും കൂടുതൽ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ചില കൺസർവേറ്റീവ് എംപിമാർ ഭയപ്പെടുന്നുണ്ട്. യുകെയിലെ റോഡുകളിൽ ഏകദേശം 600,000 ഇലക്ട്രിക് വാഹനങ്ങൾ ഉണ്ടെന്നും, ഇപ്പോൾ വിൽക്കുന്ന ആറ് പുതിയ കാറുകളിൽ ഒന്ന് അവയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ടാക്സുകൾ ഏർപ്പെടുത്തിയില്ലെങ്കിൽ അത് സാമ്പത്തിക രംഗത്തെ കൂടുതൽ തകരാറിലാക്കും എന്ന വിലയിരുത്തലാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് സർക്കാരിനെ നയിച്ചിരിക്കുന്നത്.