അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന്‍ പൂര്‍ണമായും പിടിച്ചെടുത്തതോടെ സുരക്ഷിത ഇടങ്ങള്‍ തേടിയുള്ള അഫ്ഗാന്‍ ജനതയുടെ കൂട്ടപലായനം തുടരുകയാണ്. ജനങ്ങളുടെ പരക്കംപാച്ചിലിനിടെ ഞെട്ടിക്കുന്ന കാഴ്ചകളാണ് അഫ്ഗാനില്‍ നിന്ന് പുറത്തുവരുന്നത്. കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് ചിലര്‍ താഴേക്ക് പതിക്കുന്ന ഭീകരമായ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വിമാനത്തിന്റെ ടയറിന്റെ ഇടയില്‍ തൂങ്ങി യാത്ര ചെയ്തവരാണ് താഴേക്ക് പതിച്ചതെന്നായിരുന്നു വാര്‍ത്തകള്‍.

ഇപ്പോഴിതാ പറന്നുയരുന്ന വിമാനത്തില്‍ തൂങ്ങി യാത്ര ചെയ്യുന്നവരുടെ ദൃശങ്ങളാണ് പുറത്തുവരുന്നത്. പറന്നുയരുന്ന വിമാനത്തിന്റെ ചിറകിനടിയിലിരുന്ന് യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ ഇവരില്‍ ആരോ തന്നെയാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഇവരില്‍ ആരെങ്കിലും ജീവനോടെയുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏത് വിമാനത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന കാര്യത്തിലും വ്യക്തതയില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നിലെയാണ് കാബൂള്‍ വിമാനത്താവളത്തില്‍ ജനങ്ങള്‍ തടിച്ചുകൂടിയത്. കാബൂളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ കയറിക്കൂടാന്‍ ജനങ്ങള്‍ തിക്കുംതിരക്കുമുണ്ടാക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഇതിനിടെ വിമാനത്തിനുള്ളില്‍ ഇടം ലഭിക്കാത്ത രണ്ടുപേരാണ് വിമാനത്തിന്റെ ടയറില്‍ തൂങ്ങി യാത്ര ചെയ്യാന്‍ ശ്രമിച്ചതെന്നാണ് അഫ്ഗാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തില്‍ നിന്ന് ചിലര്‍ കെട്ടിടത്തിന് മുകളിലേക്ക് പതിച്ചതായി കണ്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിമാനത്തില്‍ തിങ്ങിക്കൂടിയാണ് ആളുകള്‍ രാജ്യം വിട്ടത്. ആളുകളെ ഒഴിപ്പിക്കാനായി കാബൂള്‍ വിമാനത്താവളത്തിലെത്തിയ യുഎസ് വ്യോമസേന വിമാനത്തില്‍ 640 പേരാണ് ഇടിച്ചുകയറിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് പേര്‍ അവസാന അഭയമെന്നോണം വിമാനത്തിനുള്ളില്‍ കയറിപ്പറ്റുകയായിരുന്നു. കാബൂളില്‍ നിന്ന് ഖത്തറിലേക്കുള്ള സി-17 ഗ്ലോബ്മാസ്റ്റര്‍ കാര്‍ഗോ ജെറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് യുഎസ് ഡിഫന്‍സ് മാധ്യമമായ ഡിഫന്‍സ് വണ്‍ പുറത്തുവിട്ടത്.