അഹമ്മദാബാദ്: ഗുജറാത്തില്‍ ദലിത് യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ കൊലപ്പെടുത്തി. അഹമ്മദാബാദ് ജില്ലയിലെ വര്‍മോര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഹരേഷ് കുമാര്‍ സോളങ്കി(25) എന്ന യുവാവിനെയാണ് ഭാര്യ ഊര്‍മിളയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. ഏട്ടംഗ സംഘമാണ് വീടിന് പുറത്തിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഊര്‍മിളയുടെ വീട്ടുകാരുമായി സംസാരിക്കാനെത്തിയ വനിതാ ഹെല്‍പ്പ്‌ലൈന്‍ സംഘത്തിനു മുന്നിലിട്ടായിരുന്നു കൊലപാതകം നടത്തിയത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഊര്‍മിളയുടെ പിതാവ് ദഷ്‌റത്സിങ് സാലയാണ് പ്രധാനപ്രതിയെന്നും പൊലീസ് പറഞ്ഞു.
ആറ് മാസം മുമ്പാണ് ഹരേഷും ഊര്‍മിളയും വിവാഹിതരായത്. എന്നാല്‍ ഊര്‍മിളയുടെ രക്ഷിതാക്കള്‍ മകളെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. രണ്ട് മാസം ഗര്‍ഭിണിയായ ഊര്‍മിളയെ കാണാനില്ലെന്നും പൊലീസ് പറയുന്നു.
ഗര്‍ഭിണിയായതിനാല്‍ ഊര്‍മിളയെ തനിക്കൊപ്പം പറഞ്ഞുവിടണം എന്ന് ആവശ്യപ്പെടാനാണ് ഹരേഷ് ഭാര്യാപിതാവിനെ സമീപിച്ചത്. അദ്ദേഹത്തിനൊപ്പം വനിതാ ഹെല്‍പ്പ്‌ലൈന്‍ സംഘമായ 181 അഭയവും ഒരു വനിതാ പൊലീസ് കോണ്‍സ്റ്റബിളും ഉണ്ടായിരുന്നു. ഇവര്‍ നിരായുധരായാണ് ഊര്‍മിളയുടെ വീട് സന്ദര്‍ശിച്ചത്.
കൗണ്‍സിലര്‍ ഊര്‍മിളയുടെ മാതാപിതാക്കളുമായി ചര്‍ച്ച നടത്തുമ്പോള്‍ പുറത്ത് സര്‍ക്കാരിന്റെ കാറില്‍ കാത്തിരിക്കുകയായിരുന്നു ഹരേഷ് എന്ന് പൊലീസ് പറയുന്നു. 20 മിനിട്ടോളം കൗണ്‍സിലിങ് നീണ്ടു നിന്നതായി ഹരേഷിനൊപ്പം യാത്ര ചെയ്ത കൗണ്‍സിലര്‍ ഭവിക പറയുന്നു.
‘ഡ്രൈവര്‍ക്കൊപ്പം മുന്‍ സീറ്റില്‍ ഇരിക്കുകയായിരുന്നു ഹരേഷ്. ഊര്‍മിളയും പിതാവുമായി സംസാരിച്ചതിന് ശേഷം വൈകുന്നേരം ഏഴ് മണിയോടെ ഞങ്ങള്‍ വീടിന് പുറത്തിറങ്ങി കാറിനടുത്തേക്ക് നീങ്ങി. പെട്ടെന്നാണ് ദഷ്‌റത്സിങിനൊപ്പം ഏഴ് പേര്‍ അങ്ങോട്ട് വന്ന് ഹരേഷിനെ കാറില്‍ നിന്നും പിടിച്ചിറക്കിയത്. വാളും കത്തിയും വടിയും ഉപയോഗിച്ചാണ് ആക്രമിച്ചത്. ഞങ്ങളേയും ഉപദ്രവിച്ചു. സഹായത്തിനായി ഞങ്ങള്‍ പൊലീസിനെ വിളിച്ചു,’ ഭവിക പരാതിയില്‍ പറയുന്നു.
ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായുള്ള അന്വേഷണത്തിലാണ് തങ്ങളെന്ന് പൊലീസ് പറയുന്നു. ദൃക്‌സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്കൊപ്പം ഹരേഷും വന്നിട്ടുണ്ട് എന്ന് അറിഞ്ഞതോടെ ഊര്‍മിളയുടെ കുടുംബം ദേഷ്യപ്പെടുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കൊലപാതകത്തിന് ശേഷം പൊലീസ് സംഘം സംഭവ സ്ഥലത്ത് എത്തുന്നതിന് മുമ്പ് കുടുംബം ഒന്നിച്ച് ഗ്രാമത്തിൽ നിന്നും കടന്നു കളഞ്ഞു. വീട്ടുകാരും ബന്ധുക്കളും നിർബന്ധപൂർവ്വം ഊർമിളയെ പിടിച്ചുവച്ചിരിക്കുകയാണെന്നും ഹരേഷിനെ കൊലപ്പെടുത്താൻ ഇവർ പദ്ധതിയിട്ടതായി ഊർമിള ബോധവതിയായിരുന്നില്ലെന്നും പൊലീസ് പറയുന്നു.
Leave a Reply