എടപ്പാടി പളനി സാമി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ അണ്ണാഡിഎംകെ(അമ്മ) ജനറല്‍ സെക്രട്ടറി ശശികലയും സംഘവും കോഴ നല്‍കിയെന്ന് എംഎല്‍എമാര്‍.

സൂളൂര്‍ എംഎല്‍എ ആര്‍.കനകരാജ്, മധുര സൗത്ത് എംഎല്‍എ എസ്.എസ്.ശരവണന്‍ എന്നിവരാണ് സര്‍ക്കാരിന്റെ നിലനില്‍പ് തന്നെ പ്രതിസന്ധിയിലാക്കുന്ന നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ടിവി ചാനലിന്റെ ഒളിക്യാമറാ ഓപ്പറേഷനിലാണ് എംഎല്‍എമാര്‍ ഇക്കാര്യം പറയുന്നത്.

എടപ്പാടി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിന് തനി അരസ്, കരുണാസ്, തമീമുല്‍ അന്‍സാരി എന്നീ എംഎല്‍എമാര്‍ 10 കോടി രൂപ വാങ്ങിയെന്നു ശരവണന്‍ ക്യാമറയില്‍ സമ്മതിക്കുന്നു. സഖ്യകക്ഷി നേതാക്കളായ ഇവര്‍ അണ്ണാഡിഎംകെ ചിഹ്നത്തില്‍ മല്‍സരിച്ചു ജയിച്ചവരാണ്. എംഎല്‍എമാരെ പാര്‍പ്പിച്ചിരുന്ന കൂവത്തൂര്‍ റിസോര്‍ട്ടില്‍ നിന്നു സാഹസികമായി ചാടി രക്ഷപ്പെട്ടു പനീര്‍സെല്‍വത്തോടൊപ്പം ചേര്‍ന്ന എംഎല്‍എയാണു ശരവണന്‍. കനകരാജ് എടപ്പാടി പക്ഷത്താണ്. ഒപ്പം ചേരാന്‍ പനീര്‍സെല്‍വം എംഎല്‍എമാര്‍ക്ക് ഒരു കോടി വാഗ്ദാനം ചെയ്‌തെന്നു ശരവണന്‍ സമ്മതിക്കുന്നു. മറ്റൊരു വെളിപ്പെടുത്തല്‍ ഇങ്ങനെ:

‘ശശികല സംഘം ആറു കോടി വീതമാണ് എംഎല്‍എമാര്‍ക്കു നല്‍കിയത്. പിന്നീട് ഇതിനു തുല്യമായ സ്വര്‍ണം നല്‍കി. കിട്ടാതെ വന്ന ചിലരാണു മറുപക്ഷത്തേക്കു പോയത്. തനിക്കൊപ്പം പോന്നാല്‍ മന്ത്രിസ്ഥാനം നല്‍കാമെന്നും പനീര്‍സെല്‍വം പറഞ്ഞു. കൂവത്തൂര്‍ റിസോര്‍ട്ടില്‍ മദ്യം സുലഭമായി ഒഴുകി.’

അതിനിടെ, ജയലളിതയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് അന്നത്തെ ഡിജിപി കെ.രാമാനുജം നല്‍കിയ വ്യാജ റിപ്പോര്‍ട്ടാണ് അവര്‍ തന്നെ അവിശ്വസിക്കാന്‍ കാരണമെന്ന ആരോപണവുമായി ശശികലയുടെ ഭര്‍ത്താവ് എം.നടരാജന്‍ രംഗത്തെത്തി. എംജിആറിന്റെ മരണ ശേഷം ജയലളിതയെ രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കാന്‍ സഹായിച്ചതു താനാണെന്ന അവകാശവാദവും തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഉന്നയിക്കുന്നു. അതേസമയം, രണ്ടില ചിഹ്നം വിട്ടുകിട്ടുന്നതിനായി ജില്ലാ ഭാരവാഹികളില്‍ നിന്നു ശേഖരിച്ച സത്യാവാങ്മൂലം ശശികല പക്ഷം തെരഞ്ഞെടുപ്പു കമ്മീഷന് അയച്ചുകൊടുത്തു. നാലു ലോറികളിലായാണു രേഖകള്‍ അയച്ചത്.