മദ്യലഹരിയില്‍ വിമാനത്തിനുള്ളില്‍ ബഹളം വെച്ച യുവാവിനെ അറസ്റ്റ് ചെയ്തു. എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുക്കാക്കുയും ചെയ്തതിനാണ് അറസ്റ്റ്. മോസ്കോയില്‍ നിന്ന് തായ്ലാന്‍ഡിലെ ഫുക്കറ്റിലേക്ക് പോകുകയായിരുന്ന നോര്‍ഡ് വിന്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം.

വിമാനം 33000 അടി ഉയരത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് ആദ്യം എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ഒരു ഡോക്ടറെത്തി യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനെ തുടർന്ന് മറ്റ് ഏഴു യാത്രക്കാർ ചേർന്ന് യുവാവിന്റെ കീഴ്പ്പെടുത്തി ഫോണിന്റെ വയർ കൊണ്ട് ബന്ധിക്കുകയായിരുന്നു. തുടർന്ന് ഉസ്ബക്കിസ്ഥാനിൽ ലാൻഡ് ചെയ്ത് യുവാവിനെ പൊലീസിന് കൈമാറി.

ഇതിന് പിന്നാലെ മദ്യലഹരിയിലായിരുന്ന മറ്റ് രണ്ട് യാത്രക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതോടെ വീണ്ടും ബഹളം. വിമാനത്തിന്റെ ടൊയ്ലറ്റില്‍ സിഗരറ്റ് വലിച്ചുകൊണ്ടിരുന്ന മറ്റൊരു മദ്യപനേയും ജീവനക്കാര്‍ പിടികൂടി. മൂവരെയും തായ്ലാന്‍ഡ് പൊലീസ് പിടികൂടി.

വിമാനത്തിലുണ്ടായ ബഹളത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്.