ഐശ്വര്യ ലക്ഷ്മി.എസ്സ്
ഇന്നലത്തെ പ്രഭാതം സൂര്യരശ്മികളാൽ മനമറുക്കപ്പെട്ട ഒരു ദുസ്വപ്നം പോലെയായിരുന്നു. അഥീന…… നിന്റെ പുഞ്ചിരി മനസ്സിന്റെ അകത്തളങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. നിന്റെ നിഷ്കളങ്കമായ സ്നേഹവും പരിമിതമായ സമയങ്ങളിലെ സംസാരവുമെല്ലാംകൊണ്ട് നീ സ്നേഹത്തിന്റെ നനുത്ത നൂലുകളാൽ ചേർത്തുവച്ചു ഞങ്ങളെ,അദ്ധ്യാപകരെ,പ്രിയപ്പെട്ടവരെ അങ്ങനെ സമസ്ത ലോകത്തെയും.
അഥീനയെന്നാൽ പൂർണ്ണത നേടാൻ ശ്രമിച്ചിരുന്ന വാക്കുകൾക്കതീതമായ വ്യക്തിത്വമായിരുന്നു. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി.സി.എ യിൽ നാലാം റാങ്കുമായി മാക്ഫാസ്റ്റിൽ എം.സി.എക്കു എത്തിയപ്പോഴും ഒരിക്കലും ആ പ്രതീക്ഷക്കു മങ്ങലുണ്ടായിരുന്നില്ല. ഉള്ളിലെ അലയാഴികൾ പുറത്തൊരിക്കലും കാണാതിരിക്കാൻ അവളെപ്പോഴും ശ്രമിച്ചിരുന്നു. അഥീനേ…. നിനക്കെങ്ങനെയുണ്ടെന്ന ചോദ്യത്തിന് കുറവുണ്ട് തിരികെ ഞാൻ എത്തുമെന്ന ഉറച്ച പ്രതീക്ഷ പങ്കുവച്ചവൾ. ഒരിക്കൽ പോലും ആ വെള്ളാരം കണ്ണുകൾ പകച്ചതായി തോന്നിയിട്ടില്ല. നിഴൽ പോലെ കണ്ണിമവെട്ടാതെ സദാസമയവും കൂടെയുണ്ടായിരുന്ന അമ്മയെ തനിച്ചാക്കി നീ ഒരിക്കലും പോകില്ല. വിവാഹം കഴിച്ച് അന്യവീട്ടിലേക്കു പോകുംപോലെയാണ് ക്ഷണഭംഗുരമായ ഈ ലോകത്തുനിന്നുമുള്ള നിന്റെ വേർപാട്.
ദൂരെ കാതങ്ങളകലെയെങ്കിലും നശ്വരമായ ഈ ലോകത്തുനിന്നും അനശ്വരമായ ലോകത്തേയ്ക്കകന്ന അഥീനയ്ക്ക് മാക്ഫാസ്റ്റ് കോളേജിന്റെ പേരിൽ പ്രിൻസിപ്പൽ ഫാ.ഡോ.ചെറിയാൻ ജെ കോട്ടയിൽ അനുശോചനം അറിയിച്ചു.എം.സി.എ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ.എം.എസ്സ് സാമുവേൽ,വകുപ്പ് വിഭാഗം മേധാവി റ്റിജി തോമസും അധ്യാപകരും നമ്മുടെ കൂട്ടുകാരെല്ലാം നിന്റെ വേർപാടിന്റെ വേദനയിൽ ദുഃഖം പങ്കുവെച്ചു .
അവസാനമായി ഒരു നോക്കുകാണാനാവാതെ ഈ കൊറോണക്കാലത്ത് പിടയുകയാണ് മനമെങ്കിലും വിടർന്ന കണ്ണുകളും മായാത്ത പുഞ്ചിരിയുമായി നീ എന്നും ഞങ്ങളിലുണ്ടാകും അകലേയ്ക്കകലും ശലഭമേ..

ഐശ്വര്യ ലക്ഷ്മി.എസ്സ്.
സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. തിരുവല്ലമാക്ഫാസ്റ്റ് കോളേജിലെ അവസാനവർഷ എം.സി.എ വിദ്യാർഥിനി ആണ് . മലയാളം യുകെയിൽ ഉൾപ്പെടെ കവിതകൾ പ്രസിദ്ധികരിച്ചിട്ടുണ്ട് . അച്ഛൻ ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി. ഇമെയിൽ: [email protected]











Leave a Reply