പൊലീസിനെയും പ്രത്യേക സുരക്ഷാ സംഘത്തെയും (എസ്പിജി) വെള്ളം കുടിപ്പിച്ച് വയനാട് മണ്ഡല പര്യടനത്തിനിടെ രാഹു‍ൽ ഗാന്ധിയുടെ അപ്രതീക്ഷിത നീക്കങ്ങൾ. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ ഒഴിവാക്കണമെന്ന് നിർദേശിച്ച റോഡ് തന്നെ തിരഞ്ഞെടുത്തും ഇടയ്ക്ക് ചായക്കടയിൽ കയറിയും ആരാധകർക്കിടയിൽ ഇറങ്ങിയും റോഡ് ഷോ രാഹുൽ ആഘോഷമാക്കിയപ്പോൾ ചങ്കിടിച്ചത് സുരക്ഷാ ഉദ്യോഗസ്ഥർക്കാണ്. ആവേശക്കെട്ടു പൊട്ടിച്ച ആൾക്കൂട്ടത്തെ ഏറെ പാടുപെട്ടാണ് നിയന്ത്രിച്ചത്.

വിമാനത്താവളത്തിൽനിന്ന് കാളികാവിലേക്കുള്ള യാത്രയ്ക്കിടെ തിരുവാലിയിൽ എത്തിയപ്പോഴായിരുന്നു ആദ്യ ‘ട്വിസ്റ്റ്’. ഇവിടെ സ്വീകരണം ഉദ്ദേശിച്ചിരുന്നില്ലെങ്കിലും മണിക്കൂറുകളോളം കാത്തുനിന്ന വൻ ജനക്കൂട്ടത്തെ നിരാശരാക്കാതെ വാഹനവ്യൂഹം നിർത്തി. പ്രത്യേക വാഹനത്തിന്റെ മേൽമൂടി നീക്കി ആദ്യം രാഹുൽ കൈ വീശി. പിന്നെ വാഹനത്തിൽനിന്നിറങ്ങി ആരവങ്ങൾക്കിടയിലേക്ക്. എസ്പിജി ഇടപെട്ടാണ് തിരിച്ചുകയറ്റിയത്.

മാവോയിസ്‌റ്റ് ഭീഷണിയെന്ന പേരിൽ കാളികാവിലെ റോഡ് ഷോ പൊലീസ‌ും സുരക്ഷാ വിഭാഗവ‌ും ആദ്യം എതിർത്തിര‌ുന്ന‌‌ു. തുടർന്ന് യ‌ുഡിഎഫ് നേതാക്കൾ ഇടപെട്ട് കാളികാവിലെ പരിപാടി നടത്താൻ തീര‌ുമാനിച്ചു. ഇതോടെ നിലമ്പ‌ൂരിലേക്ക് പോകുന്നത് തിരികെ വണ്ടൂരിൽ വന്നശേഷം ആകാമെന്നു തീരുമാനിച്ചു. എന്നാൽ കാളികാവിൽ ജനക്ക‌ൂട്ടത്തിലേക്കിറങ്ങിയ രാഹ‌ുൽ ചോക്കാട്, പ‌ൂക്കോട്ട‌ുംപാടം വഴി തന്നെ നിലമ്പ‌ൂരിലേക്കു പോയി.

ചോക്കാട്ടും പ‌ൂക്കോട്ട‌ുംപാടത്ത‌ും മാവോയിസ്‌റ്റ് സാന്നിധ്യമുള്ള കോളനികളുണ്ടെന്ന പേരിലാണ് ഈ വഴി ഉപേക്ഷിച്ചിരുന്നത്. പോകുംവഴി ചോക്കാട്ടെ കോൺഗ്രസ് പ്രവർത്തകന്റെ ചായക്കടയിൽ രാഹുലും നേതാക്കളും കയറിയതോടെ പൊലീസ് ശരിക്കും ഞെട്ടി. ഇവിടെനിന്ന് ചായയും ചെറുപലഹാരവും കഴിച്ചാണ് നിലമ്പൂരിലേക്കു നീങ്ങിയത്.