റിയാദ്: സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം ജനുവരി ഒന്നുമുതൽ ബാങ്ക് വഴി നൽകണമെന്ന നിയമം പ്രാബല്യത്തിൽ വരുന്നു. എല്ലാ വീട്ടുജോലിക്കാർക്കും ബാങ്ക് അക്കൗണ്ട് ആരംഭിച്ച് അതുവഴി ശമ്പളം വിതരണം ചെയ്യണമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം തൊഴിലുടമകളോട് നിർദേശിച്ചു. തൊഴിലാളികളുടെ ശമ്പള സുരക്ഷ ഉറപ്പാക്കാനും സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത വരുത്താനുമാണ് നടപടി.
‘മുസാനിദ്’ പ്ലാറ്റ്‌ഫോം വഴിയുള്ള ഡിജിറ്റൽ വാലറ്റുകളിലൂടെയോ അംഗീകൃത ബാങ്കുകളിലൂടെയോ മാത്രമേ ഇനി മുതൽ ശമ്പളം കൈമാറാൻ അനുവാദമുള്ളൂ. ഇതുവഴി തൊഴിലാളികൾക്ക് ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാകുമെന്നും കരാർ അവസാനിക്കുമ്പോൾ ഉണ്ടാകാനിടെയുള്ള സാമ്പത്തിക തർക്കങ്ങൾ ഒഴിവാക്കാനുമാകും എന്ന് മന്ത്രാലയം വ്യക്തമാക്കി.
വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ ഈ നിയമം 2026 ജനുവരി ഒന്നോടെ പൂർണ്ണമായും നിർബന്ധമാകും. ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭിക്കുന്ന ശമ്പളം തൊഴിലാളികൾക്ക് എടിഎം കാർഡ് ഉപയോഗിച്ച് പിൻവലിക്കാനോ സ്വന്തം നാട്ടിലേക്ക് നേരിട്ട് അയക്കാനോ കഴിയും. നിയമം ലംഘിച്ച് പണമായി ശമ്പളം നൽകുന്ന തൊഴിലുടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.











Leave a Reply