ജോസ്‌ന സാബു സെബാസ്റ്റ്യൻ

നമ്മുടെ നാട്ടിൽ ജോലി ചെയ്യുന്നത് പോലല്ല , ഇംഗ്ലണ്ടിൽ ജോലി
ചെയ്യുന്നത് . നമുക്കിവിടെ ജോലിചെയ്യാൻ ചെയ്യാൻ ഒരു മനസുഖമൊക്കെയുണ്ട് കേട്ടോ. കാരണം ഇവിടെ ജോലി ചെയ്യിക്കുക എന്നതിലുപരി ജോലിക്കാരുടെ ക്ഷേമം കൂടെ നോക്കുന്നവരാണ് ഇവിടുത്തെ ജോലി ദാതാക്കൾ.
അതിനായി നമ്മുടെ ജീവിത ശൈലിക്കുതകുന്ന ഡ്യൂട്ടിഷെഡ്യൂൾ നമുക്ക് തന്നെ ഇടാനുള്ള സാഹചര്യം വരെ പല എൻ എച്ച് എസ് ട്രസ്റ്റിലും ഇന്നുണ്ട് . അതും കൂടാതെ ഫാമിലി എമർജൻസി , കുട്ടികൾക്ക് അസുഖം, സോഷ്യൽ എമർജൻസികൾ , കുടുംബ പ്രശ്നങ്ങൾ , സ്വന്തം ശാരീരിക പ്രശ്നങ്ങൾ അങ്ങനെ അങ്ങനെ പല ക്യാറ്റഗറിയിലുള്ള എമർജൻസി ലീവുകൾ എടുക്കാനും ഇവിടെ സാഹചര്യമുണ്ട് . കാരണം നമ്മളെല്ലാം മനുഷ്യനാണെന്ന് ഇവിടുള്ളവർക്കറിയാം . എപ്പോഴും പ്ലാനും ടൈംടേബിളുമനുസരിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ നമ്മൾ നേരത്തെ സെറ്റ് ചെയ്തുവച്ച ആപ്ലിക്കേഷനുകളല്ല എന്നും ഇവിടെയുള്ളവർക്ക് നന്നായി അറിയാം .

അപ്പോൾ പറഞ്ഞു വന്നത് അറിയാവുന്ന പോലീസുകാരനെപ്പോഴും ഒരടി കൂടുതൽ തരുമെന്ന് പറഞ്ഞു കേട്ടിട്ടില്ലേ . അതാണ് ഇപ്പോൾ യുകെയിൽ നടക്കുന്നത് . കാരണം, ഇപ്പോൾ ഇവിടുള്ള എല്ലാരും തന്നെ പൊലീസുകാരാണ് . അപ്പോൾ പിന്നെ തഞ്ചത്തിനൊരു പാവം പിടിച്ച കള്ളനെ കിട്ടിയാൽ അവന്മാർ പിന്നെ വെറുതെ വിടുമോ …
ഇടിച്ചുപിഴിഞ്ഞു പഞ്ഞിക്കിടാൻ ഏതറ്റം വരെയും പോകും ….അതിനി ഒരു എമർജൻസി ലീവ് എടുക്കുകയാണെങ്കിൽ പോലും വീട്ടിൽ വന്ന് ഒളിഞ്ഞുനോക്കി അസുഖമാണോ , അല്ല ഇനി അത് പരട്ട ചൊറിയാണോ എന്നുപോലും കാച്ചി കുറുക്കി മാനേജ്‌മന്റ് തലത്തിൽ എത്തിച്ചവരെ വലിച്ചു കീറാൻ മാത്രം കഴിവുള്ളവരാണ് മലയാളികൾ ഉൾപ്പെടുന്ന ഇന്നത്തെ നമ്മുടെ ഇന്ത്യക്കാർ ….

പണ്ടൊക്കെ ഇന്ത്യക്കാർക്ക് എൻ എച്ച് സിൽ ഒരു നല്ല പൊസിഷൻ കിട്ടുക എന്നത് ഒരു സ്വപനം മാത്രമായിരുന്നു. മധുരം പുരട്ടിയ വംശീയ വെറി അതു നന്നായി തന്നെ ഇവിടെ ഉണ്ടായിരുന്നു .
നല്ല കഴിവുള്ള മലയാളികൾ ഉൾപ്പെടെ പലരും ഇംഗ്ലീഷുകാരുടെ ക്യൂവിൽനിന്നും വേദനാജനകമായി പിന്തള്ളപെട്ടിട്ടുമുണ്ട് .

പക്ഷെ ഇന്നത്തെ ഇവിടുത്തെ സീൻ അതല്ല. ഇംഗ്ലീഷുകാർ അവരുടെ നാടേ വിട്ടു പോയിരിക്കുന്നു . എൻ എച്ച് എസ് മുഴുവനും എവിടെനോക്കിയാലും മലയാളികൾ , തമിഴർ , ശ്രീലങ്കകാർ …അങ്ങനെ ഇന്നിവിടെ നമ്മളെകൊണ്ട് മാത്രം നിറഞ്ഞിരിക്കുകയാണ് .ഏതൊരു വമ്പൻ പോസ്റ്റിലും മലയാളിക്ക് ഇന്ന് ഈസിയായി ചെന്നെത്താം. (പോസ്റ്റുകൾ നമ്മുടെയൊരു വീക്നസല്ലേ )

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതെ അതിനെന്താ അതിൽ അഭിമാനിക്കുകയല്ലേ വേണ്ടത് ?
അതെ അഭിമാനിക്കുകയാണ് വേണ്ടത് . പക്ഷെ അടിമത്വത്തിന്റെ മണമേറ്റ് വന്ന നമുക്ക് നമ്മൾ മരിക്കുവോളം ആ മണം അവിടെത്തന്നെയുണ്ടാകും. അതാണ് പ്രശ്നം . കാരണം കുരണ്ടിയിൽ ഇരുന്നൊരുത്തന് വേഗമിരിക്കാനൊരു കസേരകിട്ടുമ്പോൾ, പണ്ടിരുന്നിരുന്ന കുരണ്ടിയെ തൊഴിച്ചുമാറ്റി പറ്റുമെങ്കിൽ അതെടുത്തെറിഞ്ഞു കടന്ന് പോകാനാണ് നമുക്കിഷ്ടം…..

അപ്പോൾ പറഞ്ഞുവന്നത് , നാട്ടിലെ സിസ്റ്റർമാർ നയിച്ചിരുന്ന പല ജോലി കേന്ദ്രങ്ങളിൽ നിന്നും നേഴ്‌സിങ് ബിരുദം നേടിയപ്പോൾ ജനലും കട്ടലയും വരെ തുടപ്പിച്ചതിന്റെ ചുക്രിയൊന്നുമിന്നും പലരുടെയും മനസ്സിൽനിന്ന് പോയിട്ടില്ലന്ന് ….
അതവർ പോകുന്ന , . കാണുന്ന , ചെയ്യുന്ന ഇടങ്ങളിലെല്ലാം ഇങ്ങനെ വലിഞ്ഞു വലിഞ്ഞു പൊടിപാറിപ്പിച്ചു മറ്റുള്ളവരെ തുമ്മിച്ചു കുളം തോണ്ടിക്കൊണ്ടേയിരിക്കും ….
വീട്ടിൽ മക്കളെ , കെട്ടിയോൻ കെട്ടിയോളെ , കെട്ടിയോൾ കെട്ടിയോനെയൊക്കെ അടിച്ചമർത്തി മര്യാദ പഠിപ്പിക്കുന്നത് പോലെ പൊതു സമൂഹത്തിലുമത്‌ കാണിച്ചു രസിക്കുന്നത്
അതവർക്കൊരു മനസുഖമാണ് ….

എന്നാൽ നിങ്ങൾ കസേര കിട്ടിയവർ മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട് …
ഇവിടുള്ള പലരും അവരുടെ രാജ്യത്തെ അടിമത്വ ചങ്ങല പൊട്ടിച്ചെറിഞ്ഞു പണമെന്നതിലേറെ സമാധാനത്തിനായി വണ്ടി കയറിയവരാണ് .
നാട്ടുകാരുടെ ചൊറിച്ചിൽ ….
താരതമ്യപെടുത്തലുകൾ …..
എത്തിനോട്ടങ്ങൾ …..
ചവിട്ടിത്താഴ്ത്തലുകൾ ……
അങ്ങനെപല വിധ അടിമത്വ ചങ്ങലയും പൊട്ടിച്ചെറിഞ്ഞാണ് തനിക്കുള്ളതെല്ലാം വിറ്റുപെറുക്കി ഒരു പാശ്ചാത്യരാജ്യത്തേക്ക് പലരും വണ്ടി കയറുന്നത് ….
അത് മറ്റു ചിലർ നോക്കികാണുന്നത് പോലെ സാമ്പത്തിക ഭദ്രത എന്നതിലുപരി മാനസിക സമാധാനം എന്നൊരു ബാങ്ക് ബാലൻസ് എന്നെ പോലെയുള്ള പലരുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിറഞ്ഞു നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു …. സത്യം പറയാമല്ലോ അത് ഇംഗ്ലീഷുകാർ കസേരയിൽ ഇരുന്നപ്പോഴാണ് .

എന്നാൽ ഇന്നതല്ല അവസ്ഥ ….
നമ്മളിവിടെ എന്ത് കഴിക്കുന്നു എന്ത് കുടിക്കുന്നു എന്തുടുക്കുന്നു എന്ന് നോക്കി വിലയിരുത്തി, ഓരോ പ്രവാസിയുടെയും മാനസിക സമാധാനത്തെ കുത്തിക്കൊന്ന് ചോരയൂറ്റികുടിച്ചു വീർക്കാൻ മലയാളി പ്രവാസികൾ മത്സരിക്കുന്നു ….
ആർക്ക് ഏറ്റവും കൂടുതൽ ചോര കുടിക്കാം എന്നതാണ് ഇപ്പോഴത്തെ ഇവിടുത്തെ അവസ്ഥ ….
ചുരുക്കി പറഞ്ഞാൽ നമ്മളിപ്പോൾ ഇവിടെ മത്തി അടുക്കിയത് പോലാണ് ( Like a sardine in a can) അതിനാൽ പറ്റുമെങ്കിൽ കഴിവതും പരസ്പരം മണപ്പിക്കാതെ ജീവിച്ചു കടന്നു പോകുക …. ദയവായി ഇതൊരു മിനി ഇന്ത്യയോ കേരളമോ ആക്കി നശിപ്പിക്കാതെ ഇരിക്കുക …ദാ ഇതല്ല ഇതാണ് ശരിയെന്ന് പറഞ്ഞുതരാൻ അതിനുവേണ്ടി നിയമം തുറന്നു കാണിക്കാൻ മാത്രം ഇംഗ്ലീഷുകാർ ഇന്നിവിടെയില്ല. അതിനാൽ നിയമം അതുള്ള രാജ്യത്ത് വന്ന് നിങ്ങളുടെ കുസൃതി കാണിച്ചു മറ്റുള്ളവരെ കൊല്ലാതെ
എല്ലാരും ജീവിക്കട്ടെയെന്നേ …..