കൂടുതൽ വിദ്യാർത്ഥികളെ ബ്രിട്ടനിലേയ്ക്ക് ആകർഷിക്കാൻ പഠനകാലാവധിയ്ക്കു ശേഷമുള്ള വർക്ക് പെർമിറ്റ് നിബന്ധനകൾ കൂടുതൽ ഉദാരമാക്കാൻ ഗവൺമെന്റെ പദ്ധതിയിടുന്നു . കഴിഞ്ഞ മൂന്നു വർഷത്തിനിടെ യുകെയിൽ പഠിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഏകദേശം ഇരട്ടിയായി . ഈ വർഷം തന്നെ 25, 000 ത്തോളം വിദ്യാർത്ഥി വിസകൾ ബ്രിട്ടനിൽ ഉപരിപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകിയിട്ടുണ്ട് . കൂടുതൽ ഉദാരമായ നയങ്ങളാൽ ഓസ്‌ട്രേലിയയും കാനഡയും ആണ് ഉപരിപഠനത്തിനായി വിദ്യാർത്ഥികളെ കൂടുതൽ ആകർഷിച്ചിരുന്നത് . ഇതിന് മറികടക്കാനാണ് വർക്ക് പെർമിറ്റ് നിബന്ധനകൾ ലഘൂകരിക്കാൻ ഗവൺമെന്റെ ആലോചിക്കുന്നത് . വിസയ്ക്ക് അപേക്ഷിച്ചവരിൽ 96 % വിദ്യാർത്ഥികൾക്കും സ്‌റ്റഡി വിസ ലഭിച്ചതായി ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ഡൊമനിക് അസ്ക്വിത്ത് പറഞ്ഞു .


7, 52,725 ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്തു പഠിക്കുന്നതിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നത് അമേരിക്കയിലാണ് . അമേരിക്കയിൽ മാത്രം ഇന്ത്യയിൽ നിന്നുള്ള 2,11,703 ഇന്ത്യൻ വിദ്യാർത്ഥികൾ ഉന്നത പഠനം നടത്തുന്നുണ്ട് . വിദ്യാർത്ഥികളുടെ കാര്യത്തിൽ 2 ഉം 3 ഉം സ്ഥാനം കാനഡയ്ക്കും ഓസ്‌ട്രേലിയയ്ക്കും ആണ് . 2011 ൽ ബ്രിട്ടനിൽ പഠനാന്തര തൊഴിൽ അവസരങ്ങൾ നിർത്തലാക്കിയതാണ് ഉപരിപഠനത്തിനായി ബ്രിട്ടനിലേയ്ക്ക് എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയാൻ കാരണം . 2017 ലെ ഒരു പഠനം അനുസരിച്ച് ഉപരി പഠനത്തിനെത്തുന്ന വിദേശ വിദ്യാർത്ഥികൾ ഏകദേശം 25 ബില്യൺ പൗണ്ടോളം ബ്രിട്ടൻെറ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന ചെയുന്നുണ്ട് . അതോടൊപ്പം പല പ്രാദേശിക ജോലികൾക്കും ബിസിനസുകൾക്കും വിദേശ വിദ്യാർത്ഥികളുടെ സാന്നിധ്യം സഹായമാകുന്നുണ്ട് . ഇതിൻെറ അടിസ്ഥാനത്തിലാണ് പഠന കാലാവധി കഴിഞ്ഞ് ജോലി ചെയ്യാനും യുകെയിൽ താമസിക്കാനുമുള്ള വ്യവസ്ഥകളിൽ ഉദാരമായ സമീപനം കൈക്കൊള്ളാൻ ഗവൺമെന്റ ആലോചിക്കുന്നത് .