ചെന്നൈ ∙ തമിഴ് സിനിമാ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ആദായനികുതി വകുപ്പ്. സൂപ്പര്‍ താരം വിജയ്‌യെ ഷൂട്ടിങ് ലൊക്കേഷനിലെത്തി ചോദ്യം ചെയ്തു. വിശദമായി ചോദ്യം ചെയ്യുന്നതിനു താരത്തോടു ചെന്നൈ ആദായ നികുതി ഓഫിസില്‍ നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഇതോടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തി താരം ചെന്നൈയിലേക്കു പുറപ്പെട്ടു. കൂടല്ലൂർ ജില്ലയിലെ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ സ്ഥലത്ത് മാസ്റ്റർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെ ഉദ്യോഗസ്ഥരെത്തി നോട്ടിസ് നൽകുകയായിരുന്നു.
p>ഇതിനിടെ വിജയ്‌യുടെ ചെന്നൈയിലെ വസതികളിലും പരിശോധന നടന്നു. സാലിഗ്രാമത്തും നീലാങ്കരയിലുമുള്ള വീടുകളിലാണ് തിരച്ചില്‍ നടത്തിയത്. വിജയ് നായകനായി അടുത്തിടെ പുറത്തു വന്ന ബിഗില്‍ സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്യലും പരിശോധനയും. ബിഗിലിന്റെ നിര്‍മാതാക്കളായ എജിഎസ് ഗ്രൂപ്പിന്റെ 20 ഇടങ്ങളില്‍ ബുധനാഴ്ച രാവിലെ മുതല്‍ പരിശോധന ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു സൂപ്പര്‍ താരത്തെയും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.
സിനിമാ നിർമാണത്തിനു ഫണ്ട് നൽകുന്ന അൻപു ചെഴിയന്റെ മധുരയിലെ ഓഫിസിലും പരിശോധന നടന്നു. 180 കോടി രൂപ ചെലവില്‍ ദീപാവലിക്കു പുറത്തിറങ്ങിയ ചിത്രം തമിഴകത്തും പുറത്തും വലിയ തരംഗം സൃഷ്ടിച്ചിരുന്നു. വിജയ്‌യെ കസ്റ്റഡിയിൽ എടുത്തെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ.
Leave a Reply