ബംഗളുരുവിൽ മലയാളി വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. വേഗത്തില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗം തേടിയാണ് മലയാളിയായ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകന്‍ ശരത്തിനെ സുഹൃത്ത് വിശാല്‍ തട്ടികൊണ്ടുപോയത്.

ശരത്തിനെ കാണാതായതുമുതല്‍ അന്വേഷണത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഉറ്റസുഹ‍ൃത്ത് തന്നെയാണ് കൊലപാതകി എന്നറിഞ്ഞതിന്റെ ആഘാതത്തിലാണ് ബന്ധുക്കള്‍. ശരത്തിന്റെ സുഹൃത്തും സഹോദരിയുടെ സഹപാഠിയുമായിരുന്ന വിശാല്‍ മാതാപിതാക്കള്‍ക്ക് ഏറെ പരിചിതനും വീട്ടിലെ സ്ഥിരം സന്ദര്‍ശകനുമായിരുന്നു. മകനെ കാണാനില്ലെന്ന പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ മാതാപിതാക്കള്‍ക്കൊപ്പം വിശാലുമുണ്ടായിരുന്നു. മോചനദ്രവ്യം ആവശ്യപ്പെടുന്ന വിഡിയോ ചിത്രീകരിച്ച് മാതാപിതാക്കള്‍ക്ക് വാട്സ് ആപ്പ് ചെയ്ത ശേഷമാണ് വിശാല്‍ ശരത്തിന്റെ വീട്ടിലെത്തിയത്. തുടര്‍ന്നുള്ള പത്തുദിവസവും അന്വേഷണത്തിന് ശരത് മുന്‍പന്തിയിലുണ്ടായിരുന്നു.

പുതിയ ബുള്ളറ്റ് വാങ്ങിയതിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ മധുരവുമായെത്തിയെ ശരത്തിെന വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത സൂപ്പര്‍ ബൈക്കുകള്‍ കാണിക്കാമെന്ന് പറഞ്ഞാണ് വിശാലും മൂന്നു സുഹൃത്തുക്കളും കാറില്‍ കയറ്റി കൊണ്ടുപോയത്. വേഗത്തില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗം തേടുകയായിരുന്നു സുഹൃത്തുക്കളോട് വിശാലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകനെ തട്ടികൊണ്ടുപോകാമെന്ന പോംവഴി പറയുന്നത്. ശരത്തിന്റെ പിതാവ് എത്രപണം നല്‍കിയും മകനെ മോചിപ്പിക്കുമെന്ന് നാല്‍സംഘം കണക്കുകൂട്ടി. എന്നാല്‍ വിഡിയോ സഹിതം പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ശരത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.