ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ വില്ലൻ ചുമ ബാധിക്കുന്നവരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധനവ് ഉണ്ടാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ജനുവരി മാസത്തിൽ മാത്രം ഇംഗ്ലണ്ടിൽ 553 കേസുകൾ ഉണ്ടായതായാണ് കണക്കുകൾ കാണിക്കുന്നത്.
അതുകൊണ്ടുതന്നെ ഈ വർഷം വില്ലൻ ചുമ ബാധിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് ഉണ്ടാകുമോ എന്ന് ആശങ്ക ശക്തമായുണ്ട് . 5949 കേസുകൾ റിപ്പോർട്ട് ചെയ്ത 2016 ലാണ് ഇംഗ്ലണ്ടിൽ വില്ലൻ ചുമ ബാധ ഏറ്റവും കൂടുതൽ ഉണ്ടായത്. കുട്ടികളെ ബാധിക്കുന്ന വില്ലൻ ചുമ ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഗുരുതരമാകും. വില്ലൻ ചുമയ്ക്കെതിരെ ഗർഭിണികളിലും കുട്ടികളിലും വാക്സിൻ എടുത്ത് വില്ലൻ ചുമ ബാധിക്കാതിരിക്കാനുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകി കഴിഞ്ഞു .
വില്ലൻ ചുമ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആവശ്യമായ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ജനങ്ങൾ മുന്നോട്ട് വരണമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് വാക്സിനേഷന്റെ ചുമതലയുള്ള സ്റ്റീവ് റസൽ പറഞ്ഞു. വില്ലൻ ചുമയുടെ ആദ്യ ലക്ഷണങ്ങൾ ജലദോഷത്തിന് സമാനമായ മൂക്കൊലിപ്പും തൊണ്ടവേദനയുമാണ്. എന്നാൽ വില്ലൻ ചുമയാണെങ്കിൽ രോഗലക്ഷണങ്ങൾ തുടങ്ങി ഒരാഴ്ചയ്ക്കുശേഷം മിനിറ്റുകൾ നീണ്ടുനിൽക്കുന്ന ചുമയായി ഇത് മാറും. രോഗം ബാധിച്ചവരുടെ കഫത്തിലൂടെയാണ് വില്ലൻ ചുമ മറ്റുള്ളവരിലേയ്ക്ക് പകരുന്നത്
Leave a Reply