ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് രാജ്യം കടുത്ത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണെന്ന സൂചനകൾ പുറത്തുവന്നു. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണവും ദിനം പ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി സമ്പർക്ക പട്ടികയിലുള്ളവർക്ക് എൻഎച്ച്എസ് ആപ്പിൽ നിന്ന് ഒറ്റപ്പെടൽ നിർദ്ദേശം നൽകുന്നതാണ് കടുത്ത പ്രതിസന്ധിയ്ക്ക് ആധാരം. സൂപ്പർമാർക്കറ്റ് ഉൾപ്പെടെ ആവശ്യ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒട്ടേറെ ജീവനക്കാർക്കാണ് ദിനംപ്രതി ഒറ്റപ്പെടൽ നിർദ്ദേശം ലഭിച്ചുകൊണ്ടിരിക്കുന്നത്. ജോലിക്കാരുടെ ക്ഷാമം മൂലം പല സ്ഥാപനങ്ങളും ബ്രിട്ടനിൽ അടച്ചിടൽ ഭീക്ഷണിയിലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോറി ഡ്രൈവർമാർ, മറ്റ് ഭക്ഷ്യ സംഭരണ മേഖലയിലുള്ളവർ തുടങ്ങിയവർക്ക് എൻഎച്ച്എസ് കോവിഡ് ആപ്ലിക്കേഷനിൽ നിന്ന് ഒറ്റപ്പെടൽ നിർദ്ദേശം ലഭിച്ചതിനാൽ ഭക്ഷ്യ വിതരണശൃംഖല പ്രതിസന്ധിയിൽ ആയിരിക്കുകയാണെന്നാണ് ആ മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തത്ഫലമായി അധികം താമസിയാതെ സൂപ്പർമാർക്കറ്റുകളിലെ ഷെൽഫുകൾ കാലിയാകുമെന്ന് ആ രംഗത്ത് പ്രവർത്തിക്കുന്നവർ മുന്നറിയിപ്പ് നൽകി. ഇപ്പോൾ തന്നെ ശൂന്യമായ സൂപ്പർമാർക്കറ്റിലെ ഷെൽഫുകളുടെ ചിത്രങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒറ്റപ്പെടൽ നിർദേശത്തെ തുടർന്നുണ്ടാകുന്ന ഗുരുതര പ്രതിസന്ധി മുന്നിൽ കണ്ട് എൻഎച്ച്എസിൽ ജോലിചെയ്യുന്ന ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കിയിരുന്നു. സമാന രീതിയിൽ 10 ദിവസത്തെ സ്വയം ഒറ്റപ്പെടൽ നിർദ്ദേശം ലഭിച്ചാലും ഇൻ-സ്റ്റോർ സ്റ്റാഫിനെയും വിതരണക്കാരെയും ജോലി ചെയ്യാൻ അനുവദിക്കണമെന്ന് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം ഗവൺമെന്റിനോട്‌ ആവശ്യപ്പെട്ടു.