വിശാഖപട്ടണം ∙ ‘ഇരട്ട സെഞ്ചുറി’കളുടെ കരുത്തിൽ കൂറ്റൻ സ്കോർ ഉയർത്തി വെല്ലുവിളിച്ച ആതിഥേയരായ ഇന്ത്യയ്ക്ക്, വിശാഖപട്ടണം ക്രിക്കറ്റ് ടെസ്റ്റിൽ അതേ നാണയത്തിൽ മറുപടിയുമായി ദക്ഷിണാഫ്രിക്ക. ഓപ്പണർ ഡീൻ എൽഗാർ (160), വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൻ ഡികോക്ക് (111) എന്നിവരുടെ സെഞ്ചുറിക്കരുത്തിൽ മൂന്നാം ദിനം കളി നിർത്തുമ്പോൾ 118 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 385 റൺസ് എന്ന നിലയിലാണ് സന്ദർശകർ. സെനൂരൻ മുത്തുസാമി 12 റൺസോടെയും കേശവ് മഹാരാജ് മൂന്നു റൺസോടെയും ക്രീസിൽ. രണ്ടു വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 502 റൺസിനേക്കാൾ 117 റൺസ് പിന്നിലാണ് ദക്ഷിണാഫ്രിക്ക.
ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിൻ അഞ്ചു വിക്കറ്റ് വീഴ്ത്തി. 41 ഓവറിൽ 128 റൺസ് വഴങ്ങിയാണ് അശ്വിന്റെ അഞ്ച് വിക്കറ്റ് നേട്ടം. ഏതാണ്ട് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ടെസ്റ്റിൽ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അശ്വിൻ, രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കി. ടെസ്റ്റിൽ അശ്വിന്റെ 27–ാം അഞ്ചു വിക്കറ്റ് നേട്ടമാണിത്. മാത്രമല്ല, നാട്ടിലെ 21–ാം അഞ്ചു വിക്കറ്റ് നേട്ടം, ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം അഞ്ച് വിക്കറ്റ് നേട്ടം എന്നീ പ്രത്യേകതകളുമുണ്ട്. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് പൂർത്തിയാക്കുന്ന ഇടംകയ്യൻ ബോളറെന്ന റെക്കോർഡ് സ്വന്തമാക്കിയ ജഡേജയുടെ പ്രകടനവും ശ്രദ്ധേയമായി. ഡീൻ എൽഗാറിനെ പുറത്താക്കിയാണ് ജഡേജ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്.
12–ാം ടെസ്റ്റ് സെഞ്ചുറി നേടിയ ഡീൻ എൽഗാർ, 287 പന്തിൽ 18 ഫോറുകളുടെയും നാലു സിക്സിന്റെയും അകമ്പടിയോടെയാണ് 160 റണ്‍സെടുത്തത്. പിന്നീട് പോരാട്ടം ഏറ്റെടുത്ത ഡികോക്ക് ആകട്ടെ, 163 പന്തിൽ 16 ഫോറും രണ്ടു സിക്സും സഹിതം 111 റൺസുമെടുത്തു. ഇതിനു മുൻപ് 2010ൽ ഹാഷിം അംലയാണ് ഏറ്റവും ഒടുവിൽ ഇന്ത്യൻ മണ്ണിൽ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കൻ താരം. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയാണ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയ മറ്റൊരാൾ. 103 പന്ത് നീണ്ട ഇന്നിങ്സിൽ എട്ടു ഫോറും ഒരു സിക്സും സഹിതം ഡുപ്ലേസി 55 റൺസെടുത്തു. തെംബ ബാവുമ (26 പന്തിൽ 18), വെർനോൺ ഫിലാൻഡർ (12) എന്നിവരാണ് ഇന്ന് പുറത്തായ മറ്റ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ.
ഒരു ഘട്ടത്തിൽ നാലിന് 63 റൺസെന്ന നിലയിൽ തകർച്ചയിലേക്കു നീങ്ങിയ സന്ദർശകർക്ക് അഞ്ച്, ആറ് വിക്കറ്റുകളിൽ യഥാക്രമം ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി, ഡികോക്ക് എന്നിവർക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുകൾ തീർത്ത ഡീൻ എൽഗാറാണ് തുണയായത്. അഞ്ചാം വിക്കറ്റിൽ എൽഗാർ – ഡുപ്ലേസി സഖ്യം 115 റൺസും ആറാം വിക്കറ്റിൽ എൽഗാർ – ഡികോക്ക് സഖ്യം 164 റൺസും കൂട്ടിച്ചേർത്തു. രവിചന്ദ്രൻ അശ്വിനെ സിക്സർ പറത്തിയാണ് എൽഗാറും ഡികോക്കും സെഞ്ചുറി പൂർത്തിയാക്കിയതെന്ന പ്രത്യേകതയുമുണ്ട്.
നേരത്തെ, ഒന്നാം ഇന്നിങ്സ് ഏഴിന് 502 എന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യയ്ക്കു മറുപടിയായി രണ്ടാം ദിനം കളി നിർത്തുമ്പോൾ മൂന്നിന് 39 എന്ന നിലയിലായിരുന്നു സന്ദർശകർ. രോഹിതും (176) മായങ്കും (215) നിറഞ്ഞാടിയ പിച്ചിൽ റൺസ് മോഹിച്ച് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ അശ്വിനാണ് ഞെട്ടിച്ചത്. എയ്ഡൻ മാർക്രമിനെ (5) ക്ലീൻ ബോൾഡ് ചെയ്ത അശ്വിൻ ത്യൂനിസ് ഡിബ്രൂയിനെ (4) സാഹയുടെ കൈകളിലെത്തിച്ചു. നൈറ്റ് വാച്ച്മാൻ ഡെയ്ൻ പീറ്റിനെ (0) ജഡേജയും ബോൾഡ് ചെയ്തു.
ഇതിനിടെ, ഡീൻ എൽഗാറിനെ ചേതേശ്വർ പൂജാരയുടെ കൈകളിലെത്തിച്ച രവീന്ദ്ര ജഡേജ ടെസ്റ്റിൽ 200 വിക്കറ്റ് പൂർത്തിയാക്കി. 44–ാം ടെസ്റ്റിൽ 200 വിക്കറ്റ് തികച്ച ജഡേജ, ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഇടംകയ്യൻ ബോളറുമായി. 47 ടെസ്റ്റിൽനിന്നും 200 വിക്കറ്റെടുത്ത മുൻ ശ്രീലങ്കൻ താരം രംഗണ ഹെറാത്തിന്റെ റെക്കോർഡാണ് ജഡേജ പഴങ്കഥയാക്കിയത്. മിച്ചൽ ജോൺസൻ (49), മിച്ചൽ സ്റ്റാർക്ക് (50), ബിഷൻസിങ് ബേദി, വസിം അക്രം (51) എന്നിവരെല്ലാം ജഡേജയ്ക്കു പിന്നിലായി.
ഒരേ ടെസ്റ്റിൽ ഇരു ടീമികളിലെയും മൂന്ന് ഓപ്പണർമാർ 150 റൺസിനു മുകളിൽ നേടുന്നത് ടെസ്റ്റ് ചരിത്രത്തിൽ ഇത് നാലാം തവണയാണെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ ഓപ്പണർമാരായ മായങ്ക് അഗർവാളും (215) രോഹിത് ശർമയും (176) സെഞ്ചുറി നേടിയിരുന്നു. മൽസരത്തിലാകെ ഇരു ടീമുകളിലെയും ഓപ്പണർമാർ ചേർന്ന് നേടിയ സിക്സുകളുടെ എണ്ണവും റെക്കോർഡാണ്. ഒന്നാം ഇന്നിങ്സിൽ മാത്രം ഇരു ടീമുകളിലെയും ഓപ്പണർമാർ ചേർന്നു നേടിയത് 16 സിക്സുകളാണ് (രോഹിത് ശർമ, മായങ്ക് അഗർവാൾ – ആറു വീതം, ഡീൻ എൽഗാർ – 4). 2014–15ൽ പാക്കിസ്ഥാൻ – ന്യൂസീലൻഡ് മൽസരത്തിലും 2015ൽ ബംഗ്ലദേശ് – പാക്കിസ്ഥാൻ മൽസരത്തിലുമാണ് ഇതിനു മുൻപ് ഓപ്പണർമാർ കൂടുതൽ സിക്സ് നേടിയത്. ഇരു മൽസരങ്ങളിലും 14 സിക്സ് വീതമാണ് പിറന്നത്.
രണ്ടാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 202 എന്ന നിലയിൽ ബാറ്റിങ് തുടർന്ന ഇന്ത്യൻ ഓപ്പണർമാരെ തുടക്കത്തിൽ വെർനോൺ ഫിലാൻഡർ ഇത്തിരി കഷ്ടപ്പെടുത്തിയെങ്കിലും പിന്നീട് രോഹിത്തും മായങ്കും അനായാസം സ്കോർ ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ഓപ്പണിങ് ജോടിയുടെ മൂന്നാമത്തെ 300 റൺസ് കൂട്ടുകെട്ട് എന്ന നേട്ടത്തിലെത്തിച്ച ശേഷമാണ് രോഹിത് മടങ്ങിയത്. ഇന്നിങ്സിലെ 83–ാം ഓവറിൽ ഇന്ത്യൻ വംശജനായ സ്പിന്നർ കേശവ് മഹാരാജിന്റെ പന്തിൽ ചുവടു തെറ്റിയ രോഹിത്തിനെ വിക്കറ്റ് കീപ്പർ ക്വിന്റൻ ഡി കോക്ക് സ്റ്റംപ് ചെയ്തു. 244 പന്തിൽ 23 ഫോറുകളും 6 സിക്സും അടങ്ങുന്നതാണ് രോഹിത്തിന്റെ 176 റൺസ്. ഇന്ത്യൻ സ്കോർ അപ്പോൾ 317.
വിശ്വസ്ത താരം ചേതേശ്വർ പൂജാരയ്ക്ക് മായങ്കിനു കൂട്ടു നിൽക്കാനായില്ല. ലഞ്ചിനു ശേഷമുള്ള ആദ്യ പന്തിൽ തന്നെ ഫിലാൻഡർ പൂജാരയെ (6) ക്ലീൻ ബോൾഡ് ചെയ്തു. വിരാട് കോലി (20) മികച്ച ടച്ചിലായിരുന്നെങ്കിലും അരങ്ങേറ്റ താരം സെനുരാൻ മുത്തുസ്വാമിയുടെ ഒരു സാധാരണ പന്തിൽ അനായാസമായി റിട്ടേൺ ക്യാച്ച് നൽകി. രഹാനെയ്ക്കു (15) പിന്നാലെ മായങ്കും ചായയ്ക്കു പിരിയുന്നതിനു മുൻപേ മടങ്ങി. എൽഗറുടെ പന്തിൽ ഡീപ് മിഡ്‌വിക്കറ്റിൽ ഡെയ്ൻ പീറ്റിനു ക്യാച്ച്. 371 പന്തിൽ 23 ഫോറും ആറു സിക്സും അടങ്ങുന്നതാണ് മായങ്കിന്റെ ഇന്നിങ്സ്. സെഞ്ചുറി കുറിക്കാൻ 204 പന്ത് നേരിട്ട മായങ്ക് ഇരട്ടസെഞ്ചുറിയിലെത്താൻ എടുത്തത് 154 പന്തുകൾ മാത്രം. ഹനുമ വിഹാരി (10) പെട്ടെന്നു മടങ്ങിയെങ്കിലും രവീന്ദ്ര ജഡേജയും (30*) വൃദ്ധിമാൻ സാഹയും (21) ഇന്ത്യ ആഗ്രഹിച്ച ഫിനിഷ് നൽകി.
Leave a Reply