ഹൈദരാബാദ്: വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യക്കെതിരായ ആദ്യ ടി20 മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഏറ്റവുമധികം ഭയപ്പെടുന്നത് ക്യാപ്റ്റന്‍ വിരാട് കോലിയെയാണ്. വിന്‍ഡീസ് കോച്ച് ഫില്‍ സിമ്മണ്‍സ് ഇതു സമ്മതിക്കുകയും ചെയ്യുന്നു. കോലിയെ പുറത്താക്കാന്‍ പ്രത്യേക തന്ത്രം തന്നെ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടുന്നത്. അതിനു ശേഷം മൂന്ന് ഏകദിനങ്ങളിലും ഇരുടീമുകളും മാറ്റുരയ്ക്കുന്നുണ്ട്. പകലും രാത്രിയുമായി നടക്കുന്ന ആദ്യ ടി20യില്‍ വിജയത്തോടെ തന്നെ തുടങ്ങാമെന്ന ശുഭപ്രതീക്ഷയിലാണ് ഇന്ത്യയും വിന്‍ഡീസും ഇറങ്ങുന്നത്.
ഉജ്ജ്വല ഫോമില്‍ ബാറ്റ് വീശുന്ന കോലിയെ തടയുകയെന്നത് ദുഷ്‌കരമാണെന്നു സിമ്മണ്‍സ് പറയുന്നു. കോലിയെ ഔട്ടാക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.
മറ്റു ടീമുകളെപ്പോലെ തന്നെ കോലിയുടെ കാര്യത്തില്‍ പ്രത്യേക ഐഡിയകളൊന്നേും തങ്ങളുടെ പക്കല്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യമെന്നും മുന്‍ അയര്‍ലാന്‍ഡ്, അഫ്ഗാനിസ്താന്‍ കോച്ച് കൂടിയായ സിമ്മണ്‍സ് വിശദമാക്കി.
കോലിയെ ഔട്ടാക്കാന്‍ രസകരമായ വഴികളാണ് സിമ്മണ്‍സിനു പറയാനുള്ളത്. ഒരു വഴി കോലിയെക്കൊണ്ട് ബാറ്റിനു പകരം സ്റ്റംപ് കൈയില്‍ കൊടുത്ത് പന്ത് നേരിടാന്‍ ആവശ്യപ്പെടുകയെന്നതാണ്.
ഏകദിന പരമ്പരയിലേക്കു വരികയാണെങ്കില്‍ കോലിയെ സെഞ്ച്വറി നേടാന്‍ അനുവദിച്ച് മറ്റു താരങ്ങളെ പുറത്താക്കുകയെന്ന വഴി മാത്രമേ വിന്‍ഡീസിനു മുന്നിലുള്ളൂവെന്നും സിമ്മണ്‍സ് പറയുന്നു.
കോലിയെ ഔട്ടാക്കാന്‍ മറ്റൊരു വഴി ഒരേ സമയം രണ്ടു ബൗളര്‍മാരെക്കൊണ്ട് അദ്ദേഹത്തിനെതിരേ പന്തെറിയിക്കുകയെന്നതാണ്. ഈ പരമ്പരയില്‍ ബൗളര്‍മാര്‍ കോലിയെ ഭയപ്പെടുന്നില്ലെന്നു വിന്‍ഡീസ് ഉറപ്പു വരുത്തണം.
വരാനിരിക്കുന്ന മല്‍സരങ്ങളില്‍ എന്താണ് സംഭവിക്കുകയെന്ന് അറിയില്ല. കോലിയെ പുറത്താക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണെന്നും സിമ്മണ്‍സ് കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം രണ്ടാം തവണയാണ് ഏകദിന പരമ്പരയില്‍ ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ടില്‍ സമാപിച്ച ഏകദിന ലോകകപ്പിനു പിന്നാലെ ഇന്ത്യ വിന്‍ഡീസില്‍ പര്യടനം നടത്തിയിരുന്നു. അന്ന് മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 2-0ന് തൂത്തുവാരിയിരുന്നു. ആദ്യത്തെ മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെടുകയായിരുന്നു.
ശേഷിച്ച രണ്ടു കളികളിലും വിന്‍ഡീസിനെ ഇന്ത്യ കശാപ്പ് ചെയ്തപ്പോള്‍ കോലിയായിരുന്നു ഹീറോ. സെഞ്ച്വറികളുമായാണ് അദ്ദഹം ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്.
Leave a Reply