ഇന്ത്യ-ഓസ്‌ട്രേലിയ ടി 20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടി 20 ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്‌ക്ക് 1.40 മുതൽ കാൻബെറയിൽ. ഉച്ചയ്‌ക്ക് 1.10 നാണ് ടോസ്. സോണി സിക്‌സ്, സോണി ടെൻ 1, സോണി ടെൻ 3 എന്നീ ചാനലുകളിലായിരിക്കും മത്സരം തത്സമയ സംപ്രേഷണം.
ഏകദിന പരമ്പര നഷ്ടമായ ഇന്ത്യയ്‌ക്ക് ടി 20 പരമ്പര ഏറെ നിർണായകമാണ്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യയും ഏകദിന പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ ഓസീസും ഏറ്റുമുട്ടുമ്പോൾ കാൻബെറയിൽ കളി കാര്യമാകും.
ഇന്ത്യയ്‌ക്ക് വേണ്ടി കളത്തിലിറങ്ങാൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചേക്കില്ല. കെ.എൽ.രാഹുലിനെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാനായി നിലനിർത്തും. ഇതോടെ സഞ്ജുവിന്റെ സാധ്യതകൾ അടയും. ശിഖർ ധവാനും മായങ്ക് അഗർവാളുമായിരിക്കും ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പൺ ചെയ്യുക. മൂന്നാമനായി കോഹ്‌ലിയെത്തും. തൊട്ടുപിന്നാലെ ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർക്കാണ് സാധ്യത.
ജസ്‌പ്രീത് ബുംറയായിരിക്കും ബൗളിങ് കുന്തമുന. മൂന്നാം ഏകദിനത്തിൽ മികച്ച പ്രകടനം നടത്തിയ പേസ് ബൗളർ ടി.നടരാജൻ ടീമിലുണ്ടായിരിക്കും. ദീപക് ചഹർ അവസാന പതിനൊന്നിൽ ഇടം പിടിച്ചേക്കും. നടരാജനും ദീപക് ചഹറും ടീമിലുണ്ടെങ്കിൽ മൊഹമ്മദ് ഷമിക്ക് പുറത്തിരിക്കേണ്ടിവരും. സ്‌പിന്നർ യുസ്‌വേന്ദ്ര ചഹലും ടീമിൽ ഇടം കണ്ടെത്തും.
Leave a Reply