പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഏകദിന പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ പുതിയ ചരിത്രം രചിച്ചു. ഇതുവരെ താളം കണ്ടെത്താനാകാതെ വലയുകയായിരുന്ന ഓപ്പണര്‍ രോഹിത് ശര്‍മ്മ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഫോം വീണ്ടെടുത്ത അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 73 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഏകദിന പരമ്പര തങ്ങളുടെ പേരില്‍ എഴുതിച്ചേര്‍ത്തത്.

ആദ്യം ബാറ്റ്‌ചെയ്ത ഇന്ത്യ രോഹിതിന്റെ (115) സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 42.2 ഓവറില്‍ 201 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു. 4 വിക്കറ്റ് നേടിയ കുല്‍ദീപ് യാദവിന്റെയും 2 വിക്കറ്റ് വീതംനേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും യൂസ്വേന്ദ്ര ചഹാലിന്റെയും ബൗളിംഗും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

ഒരു മത്സരം കൂടി ബാക്കിനില്‍ക്കേ 4 1ന്റെ ലീഡ് നേടിയാണ് കൊഹ്ലിയും കൂട്ടരും ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര വിജയം നേടുന്ന ആദ്യ ഇന്ത്യന്‍ സംഘമായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് നേടി. 115 റണ്‍സുമായി പര്യടനത്തില്‍ ആദ്യമായി മികച്ച സ്‌കോര്‍ കണ്ടെത്തിയ ഹിറ്റ്മാന്‍ എന്നറിയപ്പെടുന്ന രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ 274ല്‍ എത്തിച്ചത്. ഒരുഘട്ടത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 300 ഉം കടന്ന് പറക്കുമെന്ന് കരുതിയെങ്കിലും അവസരോചിതമായി പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ യുവതാരം ലുങ്കി എന്‍ഗിഡി സന്ദര്‍ശകരുടെ കുതിപ്പിന് കടിഞ്ഞാണിടുകയായിരുന്നു. എന്‍ഗിഡി 4 വിക്കറ്റ് വീഴ്ത്തി. രോഹിതിനൊഴികെ മറ്റിന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആര്‍ക്കും മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ശിഖര്‍ ധവാന്‍ (34), വിരാട് കൊഹ്ലി (36), ശ്രേയസ് അയ്യര്‍ (30) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച മറ്റിന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. കൊഹ്ലിയും രഹാനെയും (8) രോഹിതുമായുള്ള ആശയക്കുഴപ്പം മൂലം റണ്ണൗട്ടാവുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരമ്പര വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്കായി ധവാനും രോഹിത്തും ചേര്‍ന്ന് താരതമ്യേന നല്ല തുടക്കമാണ് നല്‍കിയത്. ഇരുവരും 7.2 ഓവറില്‍ 48 റണ്‍സിന്റെ കൂട്ട്‌കെട്ടുണ്ടാക്കി. ആക്രമിച്ച് കളിച്ച ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 23 പന്തില്‍ 8 ഫോറുള്‍പ്പെടെ 34 റണ്‍സെടുത്ത ധവാനെ പെഹ്ലുക്വായോയുടെ കൈയില്‍ എത്തിച്ച് റബാഡയാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമനായെത്തിയ നായകന്‍ കൊഹ്ലി ശ്രദ്ധയോടെ തുടങ്ങിയെങ്കിലും റണ്ണൗട്ടായി മടങ്ങി. മൂന്നാം വിക്കറ്റില്‍ രോഹിതിനൊപ്പം 105 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് കൊഹ്ലി മടങ്ങിയത്. തുടര്‍ന്നെത്തിയ രഹാനെയും രോഹിതുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായി.

പിന്നീടെത്തിയ ശ്രേയസ് അയ്യര്‍ രോഹിതിനൊപ്പം പിടിച്ച് നിന്ന് 60 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇതിനിടെ രോഹിത് തന്റെ കരിയറിലെ 17ാം ഏകദിന സെഞ്ച്വറിയും കുറിച്ചു. സെഞ്ച്വറി പൂര്‍ത്തിയാക്കി അധികം വൈകാതെ രോഹിത് മടങ്ങി. എന്‍ഗിഡി രോഹിതിനെ വിക്കറ്റ് കീപ്പര്‍ ക്ലാസന്റെ കൈയില്‍ എത്തിക്കുകയായിരുന്നു. 126 പന്തില്‍ 11 ഫോറും 4 സിക്‌സും ഉള്‍പ്പെട്ടതാണ് രോഹിതിന്റെ സെഞ്ച്വറി ഇന്നിംഗ്‌സ്.

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 42.2 ഓവറില്‍ 201 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 71 റണ്‍സുമായി പൊരുതി നോക്കിയ ഹഷിം അംലയാണ് ടോപ് സ്‌കോറര്‍. ഡിവില്ലിയേഴ്‌സ് (6) ഉള്‍പ്പെടെയുള്ള മറ്റുള്ളവര്‍ രണ്ടക്കം പോലും കാണാനാകാതെ പോയതോടെ ഇന്ത്യ ഐതിഹാസിക ജയം കരസ്ഥമാക്കുകയായിരുന്നു.