സ്വാതന്ത്ര്യത്തിന് 72 വയസ്. രാജ്യം ഇന്ന് എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിവര്‍ണപതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും. രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന 370–ാം അനുച്ഛേദം എടുത്തുകളഞ്ഞതിനെക്കുറിച്ച് നടത്താനിടയുള്ള പരാമര്‍ശങ്ങളിലാണ് ഏവരും ഉറ്റുനോക്കുന്നത്.
പ്രത്യേക പദവി എടുത്തുകളഞ്ഞ ജമ്മുകശ്മീരില്‍ കനത്ത സുരക്ഷയിലാണ് സ്വാതന്ത്ര്യപ്പുലരി. ശ്രീനഗറിലെ ഷേര്‍–ഇ–കശ്മീര്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്ക് ദേശീയപതാക ഉയര്‍ത്തും. ബിജെപി ജമ്മുകശ്മീര്‍ നേതൃത്വവും സ്വാതന്ത്ര്യദിന പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരിട്ടാണ് സുരക്ഷാകാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. പാക്കിസ്ഥാന്‍റെയും ഭീകരസംഘടനകളുടെയും ഭാഗത്തുനിന്ന് പ്രകോപനങ്ങള്‍ക്ക് സാധ്യതയുണ്ട്.
ബക്രീദ് ആഘോഷങ്ങള്‍ സമാധാനപൂര്‍ണമായി നടന്നത് സുരക്ഷാസേനയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു. പഞ്ചായത്തുതലം മുതല്‍ എല്ലാ ഭരണകേന്ദ്രങ്ങളിലും ദേശീയപതാക ഉയര്‍ത്തണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രാദേശിക നേതാക്കളെല്ലാം കരുതല്‍ തടങ്കലിലോ, കര്‍ശനനിയന്ത്രണത്തിലോ ആണ്. ജമ്മുവിലെ നിയന്ത്രണങ്ങള്‍ ഏറെക്കുറെ നീക്കിയെങ്കിലും കശ്മീരില്‍ ഇളവനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറായിട്ടില്ല
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തും ഇന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ എട്ടരയ്ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാകയുയര്‍ത്തും. രാഷ്ട്രപതിയുടെ മെഡലുകളും ജീവന്‍ രക്ഷാപതക്കും മുഖ്യമന്ത്രി സമ്മാനിക്കും. രാജ്ഭവനില്‍ ഗവര്‍ണര്‍ പി.സദാശിവം ഒന്‍പതുമണിക്ക് പതാകയുയര്‍ത്തും. വിവിധ കേന്ദ്രങ്ങള്‍ക്കൊപ്പം ദുരിതാശ്വാസ ക്യാംപുകളിലും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
Leave a Reply