മലയാളം യുകെ ന്യൂസ് ടീം.

സ്വതന്ത്ര ഭാരതത്തിൻറെ മണ്ണിൽ ത്രിവർണ പതാക പാറിക്കളിക്കുന്ന പുലരിയിൽ ഇന്ന്  എഴുപത്തി ഒന്നാം സ്വാതന്ത്ര്യദിനം.. ആധുനിക ഭാരതത്തിൻറെ ശില്പികളെ സ്മരിച്ചു കൊണ്ട്.. സ്വാതന്ത്യത്തിനായി ജീവനർപ്പിച്ച മഹാത്മാക്കളുടെ ത്യാഗത്തിനു മുൻപിൽ ശിരസു നമിക്കുന്ന ഈ ദിനത്തിൽ.. നൂറുകോടിമതേതര ജനതയുടെ ആശയും പ്രതീക്ഷയുമായ ഭാരതാംബയ്ക്ക് ജനകോടികൾ പ്രണാമമർപ്പിക്കും.. വന്ദേമാതരവും ജനഗണമനയും അലയടിക്കുന്ന ഭൂമിയിൽ നിന്നും അഖണ്ഡതയുടെയും മതേതരത്വത്തിൻറെയും മന്ത്രങ്ങൾ ഇനിയും ഉയർത്തുവാൻ രാജ്യം പ്രതിഞ്ജയെടുക്കും.

പ്രൗഡഗംഭീരമായ ചടങ്ങുകളോടെ എഴുപത്തി ഒന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഇന്ത്യ ഒരുങ്ങി. ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഭാരതത്തിൻറെ ത്രിവർണ ദേശീയപതാക പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉയർത്തും. തുടർന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. 10,000 ലേറെ പോലീസുകാരാണ് ഡൽഹിയിൽ സുരക്ഷയ്ക്കായി വിന്യസിക്കപ്പെട്ടിരിക്കുന്നത്. റെഡ് ഫോർട്ടിലെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി അരുൺ ജെറ്റ്ലി സ്വീകരിക്കും. തുടർന്ന് പോലീസ്, സൈനിക വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ പ്രധാനമന്ത്രി പരിശോധിക്കും. വിവിധ സൈനിക വിഭാഗങ്ങൾ റെഡ് ഫോർട്ടിലെ പരേഡിൽ അണിനിരക്കും.

രാജ്യമെമ്പാടും സ്വാതന്ത്യദിനാഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളിൽ ഗവർണർമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനപ്രതിനിധികളും ആഘോഷത്തിന് നേതൃത്വം നല്കും. വിവിധ സംഘടകളുടെ നേതൃത്വത്തിലും ആഘോഷങ്ങൾ ഉണ്ടാകും. യുകെയുടെ വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ മലയാളി അസോസിയേഷനുകളും കൂട്ടായ്മകളും ആഘോഷങ്ങൾ ഒരുക്കിയിട്ടുണ്ട്.

പ്രിയപ്പെട്ട വായനക്കാർക്ക് മലയാളം യുകെ ന്യൂസിൻറെ സ്വാതന്ത്ര്യ ദിനാശംസകൾ…