ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണ വൈറസിൻെറ പുതിയ വകഭേദം യുകെയിൽ കണ്ടെത്തിയതിനെതുടർന്ന് യൂറോപ്യൻ രാജ്യങ്ങൾക്ക് പിന്നാലെ ഇന്ത്യയും യുകെയിൽ നിന്നും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ഡിസംബർ 22 ചൊവ്വാഴ്ച അർധരാത്രി മുതൽ ഡിസംബർ 31 അർധരാത്രി വരെയാണ് യുകെയിൽ നിന്നും തിരിച്ചുമുള്ള യാത്രയ്ക്ക് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ ചൊവ്വാഴ്ച അർദ്ധരാത്രിയ്ക്ക് മുമ്പായി യുകെയിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാർക്കും കർശനമായി ആര്‍ടി-പിസിആര്‍ ടെസ്റ്റിന് വിധേയരാകാനുള്ള നിർദ്ദേശം വ്യോമയാന മന്ത്രാലയം നൽകി.
പുതിയ നിർദ്ദേശം ക്രിസ്മസ് കാലത്ത് നാട്ടിൽ തങ്ങളുടെ ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും കാണാൻ പോകാനിരുന്ന ഒട്ടേറെ പ്രവാസി മലയാളികളെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ലണ്ടനിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റിൽ ഡിസംബർ 22 മുതൽ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്ത ഒട്ടേറെപ്പേരുടെ യാത്ര അനിശ്ചിതത്വത്തിലായി. കൂടാതെ യാത്രാവിലക്ക് ഡിസംബർ 31ന് ശേഷവും തുടരുമോ എന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.
പുതിയ കൊറോണ വൈറസ് വകഭേദം കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതും അപകടകാരിയാണെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വെളിപ്പെടുത്തിയിരുന്നു. ഇറ്റലി, ജർമനി, നെതർലാൻഡ് ,ഓസ്ട്രേലിയ ഉൾപ്പെടെയുള്ള പലരാജ്യങ്ങളും യുകെയിലേക്ക് ഉള്ള എല്ലാ വിമാന സർവീസുകളും നിർത്തിവയ്ക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. .
Leave a Reply