ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ മാഞ്ചസ്റ്ററിലും ബെൽഫാസ്റ്റിലും ആരംഭിക്കുന്ന കോൺസുലേറ്റുകൾ ഉദ്ഘാടനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും ആളുകൾ തമ്മിലുള്ള ബന്ധവും ആഴത്തിലാക്കാൻ ഇത് സഹായിക്കും എന്ന് യുകെ കോൺസുലേറ്റുകൾ ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ലണ്ടനിലെ ഹൈക്കമ്മീഷനെ കൂടാതെ എഡിൻബർഗിലും ബർമിംഗ്ഹാമിലും ഇന്ത്യക്ക് കോൺസുലേറ്റുകളുണ്ടായിരുന്നു.

പുതിയ രണ്ട് കോൺസിലേറ്റുകൾ യുകെയിൽ ആരംഭിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വ്യാപാര ബന്ധത്തിൽ നിർണ്ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് 40 വർഷമായി ഇന്ത്യ യുകെയിൽ ഒരു കോൺസുലേറ്റ് തുടങ്ങിയിട്ട് എന്നതുകൂടി പരിഗണിക്കുമ്പോൾ ഈ നടപടിക്ക് വലിയ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്നത് . ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം വളരെ ആഴിമേറിയതാണെന്നും സമീപ കാലത്ത് നടക്കുന്ന സ്വതന്ത്ര വ്യാപാര കരാറിനു വേണ്ടിയുള്ള ചർച്ചകൾ അതിൻറെ ഭാഗമാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. മാഞ്ചസ്റ്റർ മേഖലയുമായുള്ള ഇന്ത്യയുടെ വ്യാപാരം നിലവിൽ 700 ദശലക്ഷം പൗണ്ടാണെന്നും 300-ലധികം ഇന്ത്യൻ സ്ഥാപനങ്ങൾക്ക് ഈ മേഖലയിൽ സാന്നിധ്യമുണ്ടെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ജയ്‌ശങ്കർ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഏഞ്ചല റെയ്‌നറെ മാഞ്ചസ്റ്ററിൽ കാണുകയും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും വ്യാപാരം വർധിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ചർച്ച ചെയ്തതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു . മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ഇന്ത്യൻ സമൂഹവുമായും വ്യവസായ പ്രമുഖരുമായും അദ്ദേഹം സംവദിച്ചു. ജയ്‌ശങ്കർ ബെൽഫാസ്റ്റിൽ വെച്ച് വടക്കൻ അയർലൻഡ് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ എമ്മ ലിറ്റിൽ-പെംഗല്ലി, ജൂനിയർ മന്ത്രി ഐസ്‌ലിംഗ് റെയ്‌ലി എന്നിവരുമായി കൂടിക്കാഴ്ച നടത്തി . ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ കാമ്പസ് സ്ഥാപിക്കുന്ന ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയും അദ്ദേഹം സന്ദർശിച്ചു.

സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായാൽ ഇരുരാജ്യങ്ങൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട വിപണിയാണ് ലഭിക്കാൻ പോകുന്നത്. ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും വർദ്ധിപ്പിക്കുക എന്നതാണ് കരാർ ലക്ഷ്യമിടുന്നത്. ഇത്തരം കരാറുകൾ രണ്ട് രാജ്യങ്ങളും തമ്മിൽ വ്യാപാരം ചെയ്യുന്ന വസ്തുക്കളുടെ തീരുവ പരമാവധി ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യും. കസ്റ്റംസ് തീരുവയില്ലാതെ നിരവധി ഉൽപ്പന്നങ്ങൾക്ക് വിപണി പ്രവേശനം നൽകുന്നതിനൊപ്പം, ഐടി, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ നിന്നുള്ള വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് യുകെ വിപണിയിൽ കൂടുതൽ പ്രവേശനം നൽകണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത് . മറുവശത്ത്, സ്കോച്ച് വിസ്കി, ഇലക്ട്രിക് വാഹനങ്ങൾ, ആട്ടിറച്ചി, ചോക്ലേറ്റുകൾ, ചില മധുരപലഹാരങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവയിൽ ഗണ്യമായ കുറവ് വരുത്തണമെന്ന് യുകെ ആഗ്രഹിക്കുന്നു.