ന്യൂഡൽഹി: സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ നൽകാൻ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് നിശ്ചയിച്ച വില ലോകത്തെ തന്നെ ഏറ്റവും ഉയർന്നതെന്ന് വിവരം. ഡോസിന് അറുന്നൂറ് രൂപയ്‌ക്ക് സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ നൽകുമെന്നാണ് സെറം അറിയിച്ചിട്ടുളളത്.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാ സെനക്കയും ചേർന്നു വികസിപ്പിച്ച വാക്‌സിൻ ആണ് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്. മേയ് ഒന്നു മുതലാണ് വാക്‌സിന് പുതിയ വില പ്രഖ്യാപിച്ചിട്ടുളളത്. സ്വകാര്യ ആശുപത്രികൾക്ക് അറുന്നൂറു രൂപയ്‌ക്കും സംസ്ഥാന സർക്കാരുകൾക്ക് നാന്നൂറ് രൂപയ്‌ക്കുമാണ് മേയ് ഒന്ന് മുതൽ വാക്‌സിൻ നൽകുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന വില പോലും ആസ്ട്രാ സെനക്ക വാക്‌സിൻ മറ്റു രാജ്യങ്ങളിൽ ഈടാക്കുന്ന വിലയേക്കാൾ കൂടുതലാണ്. അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ എന്നിവ ആസ്ട്രാ സെനക്കയിൽ നിന്നും നേരിട്ടാണ് വാക്‌സിൻ വാങ്ങുന്നത്.

സ്വകാര്യ ആശുപത്രികൾക്ക് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വില എട്ടു ഡോളറോളം വരും. സംസ്ഥാന സർക്കാരുകൾക്ക് നിശ്ചയിച്ചിട്ടുളളത് അഞ്ചര ഡോളറിന് മുകളിലാണ്. അമേരിക്കയിൽ ഒരു ഡോസ് വാക്‌സിന് നൽകേണ്ടത് നാലു ഡോളർ മാത്രമാണ്. ബ്രിട്ടനിൽ ഇത് മൂന്നു ഡോളറും. ബംഗ്ലാദേശിൽ സെറം ഇൻസ്റ്റിറ്ര്യൂട്ട് തന്നെ നാലു ഡോളറിനാണ് വാക്‌സിൻ നൽകുന്നത്. സൗദി അറേബ്യയിൽ ഒരു ഡോസ് വാക്‌സിന്റെ വില അഞ്ചേകാൽ ഡോളറാണ്. ദക്ഷിണ ആഫ്രിക്കയിലും ഇതേ വിലയ്‌ക്ക് വാക്‌സിൻ കിട്ടും.

പൗരന്മാർക്ക് സൗജന്യമായി വാക്‌സിൻ നൽകുമെന്ന് ഉറപ്പുനൽകാത്ത കേന്ദ്ര സർക്കാരിന്റെ പുതിയ നയത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരിക്കുന്നതിനിടെയാണ് വാക്‌സിൻ വില താരതമ്യം ചെയ്തുകൊണ്ടുളള പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.