റോക്കി വർഗീസ്
ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ ISRO പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ PSLV C 42 വിജയകരമായി വിക്ഷേപിച്ചു. വാണിജ്യാടിസ്ഥാനത്തിലുള്ള 44 മത്തെ വിക്ഷേപണമാണ് ഇന്ന് നടന്നത്. ബ്രിട്ടന്റെ രണ്ട് സാറ്റലൈറ്റുകളെയാണ് ഐ എസ് ആർ ഒ ഇത്തവണ ബഹിരാകാശത്ത് എത്തിച്ചത്. ബ്രിട്ടണിലെ സറേയിലുള്ള സറേ സാറ്റലൈറ്റ് ടെക്നോളജീസ് ലിമിറ്റഡിന്റെയാണ് ഉപഗ്രഹങ്ങൾ. നോവ എസ് എ ആർ, എസ് 1- 4 എന്നീ പേരിലുള്ള ഉപഗ്രഹങ്ങൾ 583 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് എത്തിച്ചിരിക്കുന്നത്. പി എസ് എൽ വിയുടെ വിക്ഷേപണ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശാസ്ത്രജ്ഞന്മാരെ അഭിനന്ദിച്ചു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 2015 നും 2018 നും ഇടയിൽ നടത്തിയ വിക്ഷേപണങ്ങളിലൂടെ 5,600 കോടി രൂപയാണ് ISRO നേടിയത്.
ഫോറസ്റ്റ് മാപ്പിംഗ്, ലാൻഡ് സർവേ, ഐസ് കവർ മോണിറ്ററിംഗ്, വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം എന്നിവയ്ക്കാണ് ഈ സാറ്റലൈറ്റുകൾ ഉപയോഗിക്കുക. ഇന്ത്യയ്ക്ക് നല്കുന്ന സാമ്പത്തിക സഹായത്തിനെതിരെ ബ്രിട്ടണിൽ വിമർശനമുയരുന്നതിന്റെ ഇടയിലാണ് ബ്രിട്ടന്റെ സാറ്റലൈറ്റുകൾ ഇന്ത്യ വിജയകരമായി ബഹിരാകാശത്തിൽ എത്തിച്ചത്. ഇന്ത്യയ്ക്കു ബ്രിട്ടൻ നല്കുന്ന സാമ്പത്തിക സഹായത്തിനെതിരെ ബ്രിട്ടീഷ് എം.പിമാരാണ് രംഗത്തെത്തിയത്. ബ്രിട്ടൺ നല്കുന്ന 98 മില്യൺ പൗണ്ട് ചന്ദ്രയാൻ 2 നായി ഉപയോഗിക്കുമെന്നാണ് വിമർശനം. 230 മില്യൺ ആളുകൾ ദരിദ്ര രേഖയ്ക്ക് താഴെ ജീവിക്കുന്ന ഒരു വികസ്വര രാജ്യം 95.4 മില്യൺ പൗണ്ടിന്റെ ചെലവിലാണ് ചന്ദ്രയാൻ 2 ഈ വർഷാവസാനം വിക്ഷേപിക്കാനൊരുങ്ങുന്നത് എന്നതാണ് വിമർശകരുന്നയിക്കുന്ന പ്രധാന കാര്യം. എന്നാൽ കുറഞ്ഞ ചിലവിൽ ഇന്ത്യ ഒരുക്കുന്ന സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി നൂറുകണക്കിന് മില്യൺ പൗണ്ടാണ് യുകെ ഗവൺമെന്റ് ലാഭിക്കുന്നത്.
Leave a Reply