ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂഡൽഹി : “ഞാൻ ലക്ഷ്യസ്ഥാനത്തെത്തി, ഒപ്പം നിങ്ങളും.. ” ഐഎസ്ആർഒ ഈ വാക്കുകൾ കുറിക്കുമ്പോൾ 140 കോടി ജനതയും ചന്ദ്രന്റെ മടിത്തട്ടിലേക്ക് വളരെ മൃദുവായി അലിഞ്ഞിറങ്ങി. ഭാരതം വർഷങ്ങളായി കിനാവ് കണ്ടത് യാഥാർഥ്യമായ അസുലഭ നിമിഷം. ചന്ദ്രനിൽ ഇന്ത്യയുടെ മന്ദഹാസം. ക‍ൃത്യം വൈകിട്ട് 6.04 ഓടെ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആ​ദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാൻ 3 മാറി. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. 5.45 മുതലായിരുന്നു ലാൻഡിങ് പ്രക്രിയ ആരംഭിച്ചത്. ദൗത്യത്തിന് നേതൃത്വം നൽകിയ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് ഉൾപ്പെടെയുള്ള ഗവേഷകർ ആഹ്ളാദാരവങ്ങളോടെ കൈയ്യടിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലാൻഡിങിന്റെ ഭാഗമായുള്ള എഞ്ചിന്റെ പ്രവർത്തനം മൂലം ഉയർന്നുപൊങ്ങുന്ന പൊടിപടലങ്ങൾ അടങ്ങിയതിന് ശേഷം ലാൻഡറിലെ റാമ്പ് തുറക്കുകയും അത് വഴി പ്രജ്ഞാൻ റോവർ പുറത്തുവരികയും ചെയ്യും. റോവറും ലാൻഡറും പരസ്പരം ചിത്രങ്ങൾ എടുത്ത് ഭൂമിയിലേക്ക് അയക്കും. ചന്ദ്രനിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ ചിത്രങ്ങൾ. ഇതോടുകൂടി യഥാർത്ഥ ശാസ്ത്ര പര്യവേക്ഷണ ദൗത്യങ്ങൾക്ക് തുടക്കമാവും.

2023 ജൂലൈ 14 ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 ദൗത്യത്തിൽ 35 ദിവസങ്ങൾക്കുശേഷം ഓഗസ്റ്റ് 17നാണ് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ മൊഡ്യൂൾ വിജയകരമായി വേർപെട്ടത്. ഓഗസ്റ്റ് 18 വൈകുന്നേരം നാലുമണിയോടെ ലാൻഡർ മൊഡ്യൂൾ താഴ്ന്ന ഭ്രമണപഥത്തിലേക്ക് മാറി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സുരക്ഷിത ലാൻഡിങ് നടത്താനുള്ള സ്കാനിങ്ങിനിടെ ഓഗസ്റ്റ് 19 -ന് ചന്ദ്രന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ലാൻഡർ പകർത്തിയിരുന്നു. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വ‍ര്‍ക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ് ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങിയത്. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിങ്ങിനായി തെരഞ്ഞെടുത്തിരുന്നത്.