ന്ത്യയുടെ വാഹനവിപണിയില്‍ മുമ്പെങ്ങുമില്ലത്ത മന്ദ്യം തുടരുമ്പോഴും ഇന്ത്യയുടെ വാഹന മാമാങ്കമായ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ വാഹന നിര്‍മാതാക്കള്‍ തുടങ്ങിക്കഴിഞ്ഞു. ബിഎംഡബ്ല്യു, ഔഡി, ബജാജ് തുടങ്ങി എതാനും കമ്പനികള്‍ പുതിയ മോഡല്‍ അവതരിപ്പിക്കുന്നില്ലെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും മറ്റ്  ഭൂരിപക്ഷം നിര്‍മാതാക്കളുടെയു പ്രതിനിധികള്‍ വാഹനോത്സവത്തില്‍ അണിനിരക്കും.

ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്സ്പോ മാര്‍ട്ടില്‍ 2020 ഫെബ്രുവരി ഏഴ് മുതല്‍ 12 വരെയാണ് ഓട്ടോ എക്സ്പോ അരങ്ങേറുക. മാരുതി സുസുക്കി, ഹ്യുണ്ടായ്, ടൊയോട്ട, മഹീന്ദ്ര, കിയ, റെനോ, ഹോണ്ട, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ കമ്പനികള്‍ക്കൊപ്പം മറ്റ് വമ്പന്‍ കമ്പനികളും അവരുടെ ഭാവി മോഡലുകളും ആശയങ്ങളും എക്സ്പോയില്‍ അവതരിപ്പിക്കും.

ഹ്യുണ്ടായി

ഇന്ത്യന്‍ നിരത്തുകളില്‍ കരുത്ത് തെളിയിച്ച ക്രെറ്റയുടെ പുതിയ പതിപ്പാണ് ഇത്തവണ ഹ്യുണ്ടായിയുടെ ഹൈലൈറ്റ്. ഇതിനുപുറമെ, ഹാച്ച്ബാക്ക് മോഡലായ എലൈറ്റ് ഐ20-യുടെ പുതിയ പതിപ്പും എത്തുന്നുണ്ട്. പുതിയ ഡിസൈനിനൊപ്പം ബിഎസ്-6 എന്‍ജിനുകളും നല്‍കിയായിരുക്കും പുതിയ മോഡലുകള്‍ അവതരിപ്പിക്കുക.

മാരുതി സുസുക്കി

ഇന്ത്യയിലെ വാഹനപ്രേമികള്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ജിപ്‌സി എസ്‌യുവി (ജിമ്‌നി) യായിരിക്കും ഇത്തവണ മാരുതിയുടെ വജ്രായുധം. ഇതിനൊപ്പം പ്രീമിയം എസ്‌യുവി ശ്രേണിയിലേക്ക് ഒരു പുതിയ മോഡലും നിലവില്‍ നിരത്തിലുള്ള വാഹനങ്ങളുടെ ലിമിറ്റഡ് എഡീഷന്‍ പതിപ്പുകളും മാരുതിയുടെ പവലിയന്‍ സമ്പന്നമാക്കും.

ഹോണ്ട

എസ്‌യുവി ശ്രേണിയിലേക്ക് എത്തുന്ന എച്ച്ആര്‍-വി എന്ന വാഹനമാണ് ഹോണ്ടയുടെ തുറുപ്പുചീട്ട്. എന്നാല്‍, കൂടുതല്‍ വാഹനപ്രേമികള്‍ കാത്തിരിക്കുന്ന ഹോണ്ട സിറ്റിയുടെ പുതിയ പതിപ്പും ഹാച്ച്ബാക്ക് മോഡലായ ജാസിന്റെ പുതിയ പതിപ്പും ഹോണ്ട എത്തിക്കുന്നുണ്ടെന്നാണ് സൂചന.

ടാറ്റ മോട്ടോഴ്‌സ്

ഈ ഓട്ടോ എക്‌സ്‌പോ ആഘോഷമാക്കാന്‍ നിരവധി മോഡലുകളാണ് ടാറ്റയുടെ പണിപ്പുരയില്‍ ഒരുങ്ങുന്നത്. മിനി എസ്‌യുവി മോഡലായ എച്ച്2എക്‌സ്, ഏഴ് സീറ്റര്‍ എസ്‌യുവി ബുസാര്‍ഡ്, നെക്‌സോണ്‍ ഇലക്ട്രിക് എന്നീ വാഹനങ്ങളാണ് പ്രധാനമായും ടാറ്റ ഒരുക്കിയിരിക്കുന്നത്.

കിയ മോട്ടോഴ്‌സ്

സെല്‍റ്റോസ് എന്ന പ്രീമിയം എസ്‌യുവിയിലൂടെ ഇന്ത്യന്‍ നിരത്തില്‍ പ്രവേശിച്ച കിയ മോട്ടോര്‍സിന്റെ രണ്ടാമത്തെ മോഡലാകാനൊരുങ്ങുന്ന കാര്‍ണില്‍ എന്ന എസ്‌യുവി ഈ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

സ്‌കോഡ-ഫോക്‌സ്‌വാഗണ്‍

ഈ ഓട്ടോഎക്‌സ്‌പോയില്‍ അവതരിപ്പിക്കാനായി നാല് മോഡലുകളാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഒരുക്കുന്നത്. സ്‌കോഡയുടെ ബാഡ്ജിങ്ങില്‍ കാമിക്, കരോഖ് എന്നിവയും ഫോക്‌സ്‌വാഗണ്‍ മേല്‍വിലാസത്തില്‍ ടി-ക്രോസ്, ടിഗ്വാന്‍ എന്നിവയുമാണ് പ്രദര്‍ശനത്തിനെത്തുന്നത്.