തിരുവനന്തപുരം: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഉത്സവം. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ–ന്യൂസീലൻഡ് ടീമുകൾ ശനിയാഴ്ച രാത്രി 7ന് ഏറ്റുമുട്ടും. സ്വന്തം നാട്ടിൽ ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്ന സഞ്ജു സാംസണിനെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഒറ്റദിവസംകൊണ്ട് ടിക്കറ്റുകൾ മുഴുവൻ വിറ്റുതീർന്നതോടെ മത്സരത്തിന് മുമ്പേ തന്നെ കാര്യവട്ടം റെക്കോർഡ് ആവേശത്തിലായി. ശനിയാഴ്ച വൈകിട്ട് ഇന്ത്യൻ ടീം സ്റ്റേഡിയത്തിൽ പരിശീലനം നടത്തി. നെറ്റ്സിൽ സഞ്ജു സാംസൺ ആകർഷകമായ ഷോട്ടുകളോടെ ശ്രദ്ധ നേടി. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർ ബാറ്റിങ് പരിശീലനം നടത്തി. അക്ഷർ പട്ടേൽ, ബുംറ, കുൽദീപ്, വരുൺ ചക്രവർത്തി എന്നിവരും പരിശീലനത്തിനെത്തി. ന്യൂസീലൻഡ് ടീം ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് പരിശീലനം നടത്തി; ഡെവൺ കോൺവേ, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര എന്നിവർ നെറ്റ്സിലിറങ്ങി.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും. കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പാർക്കിങ്ങിന് പ്രത്യേക ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. ടീം ജഴ്‌സി ഉൾപ്പെടെയുള്ള വിൽപ്പന ആരംഭിച്ചതോടെ കാര്യവട്ടം കളിപ്പൂരത്തിന്റെ നിറത്തിലേക്ക് മാറി.











Leave a Reply