ചാമ്പ്യന്‍സ് ട്രോഫി കലാശപ്പോരില്‍ ഇന്ത്യയ്ക്ക് തോല്‍വി. 180 റണ്‍സിനു ആണ് തോല്‍വി. 339 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ കണ്ട് കളത്തിലിറങ്ങിയ ഓപ്പണര്‍ രോഹിത് ശര്‍മ്മ പൂജ്യത്തിന് പുറത്തായപ്പോള്‍ നായകന്‍ വിരാട് കോഹ്ലി അഞ്ചു റണ്‍സിന് പുറത്തായി. ഒമ്പതാം ഓവറില്‍ 22 പന്തില്‍ 21 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ ഔട്ടായി. പാകിസ്താനുവേണ്ടി മുഹമ്മദ് ആമിറാണ് മൂന്നു വിക്കറ്റും വീഴ്ത്തിയത്. 12-ാം ഓവറില്‍ ഷദബ് ഖാന്‍ യുവരാജിനെ പുറത്താക്കി. 31 പന്തില്‍ 22 റണ്‍സാണ് യുവി നേടിയത്. ഹസന്‍ അലിയുടെ പന്തില്‍ ഇമാദ് വാസിമിന്റെ ക്യാച്ചില്‍ ധോണിയും പുറത്തായി. 16 പന്തില്‍ നാല് റണ്‍സാണ് ധോണി നേടിയത്.
ടോസ് നഷ്ടപ്പെടുത്തി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തിരുന്നു. ഇന്ത്യക്കെതിരെ ആദ്യം ബാറ്റു ചെയ്ത് ഓപ്പണര്‍ ഫഖര്‍ സമാനാണ് സെഞ്ചുറി (114) നേടി പാകിസ്താനെ ഉയര്‍ന്ന സ്‌കോറിലെത്തിച്ചത്. ഓപ്പണര്‍ സമാനാന്റെ കന്നി ഏകദിന സെഞ്ചുറിയാണിത്.
ഓപ്പണിങ് വിക്കറ്റില്‍ അസ്ഹര്‍ അലിയുമൊത്ത് സമാന്‍ കൂട്ടിച്ചേര്‍ത്ത 128 റണ്‍സാണ് പാക്ക് ഇന്നിങ്സിന്റെ നട്ടെല്ല്. അസ്ഹര്‍ അലി അര്‍ധസെഞ്ചുറി നേടി. സമാന്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ഷുഐബ് മാലിക്കുമായി ബാബര്‍ മൂന്നാം വിക്കറ്റില്‍ 47 റണ്‍സ് ചേര്‍ത്തു.
20 റണ്‍സെടുക്കുന്നതിനിടയില്‍ മാലികിന്റെയും ബാബറിന്റെയും വിക്കറ്റുകള്‍ നഷ്ടപ്പെട്ട പാകിസ്താനായി അവസാന ഓവറില്‍ മുഹമ്മദ് ഹഫീസും (57) ഇമാദ് വസീമും അടിച്ചു തകര്‍ക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ 7.3 ഓവറില്‍ 71 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. 37 പന്തില്‍ 57 റണ്‍സുമായി ഹഫീസും 21 പന്തില്‍ 25 റണ്‍സുമായി ഇമാദ് വസീമും പുറത്താകാതെ നിന്നു. 10 ഓവറില്‍ 44 റണ്‍സ് വഴങ്ങിയ ഭുവനേശ്വര്‍ ഒരു വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവരും ഓരോ വിക്കറ്റും വീഴ്ത്തി.
Leave a Reply