ന്യൂസ് ഡെസ്ക്, മലയാളം യുകെ
സിഖു വംശജരെ അടിച്ചമർത്തുന്നതായുള്ള യുകെ പാർലമെൻററി പാനലിന്റെ റിപ്പോർട്ട് ഇന്ത്യൻ സർക്കാർ തള്ളി. അടിച്ചമർത്തലിൽ ഏർപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആണ് ബ്രിട്ടീഷ് പാർലമെൻററി പാനൽ ഇന്ത്യയെ ഉൾപ്പെടുത്തിയത്. ആരോപണങ്ങൾ സംശയാസ്പദമായ ഉറവിടങ്ങളിൽ നിന്നാണെന്ന് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ബ്രിട്ടീഷ് പാർലമെന്റിന്റെ മനുഷ്യാവകാശങ്ങൾക്കായുള്ള സംയുക്ത സമിതിയുടെ റിപ്പോർട്ട് ജൂലൈ 30 – നാണ് പ്രസിദ്ധീകരിച്ചത്.
യുകെയിൽ അന്തർദേശീയ അടിച്ചമർത്തലിൽ ഏർപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈൻ, ചൈന, ഈജിപ്ത്, എറിത്രിയ, ഇറാൻ, പാകിസ്ഥാൻ, റഷ്യ, റുവാണ്ട, സൗദി അറേബ്യ, തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയ്‌ക്കൊപ്പം ആണ് ഇന്ത്യയെ ഉൾപ്പെടുത്തിയത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം ഇന്ത്യയിൽ നിരോധിച്ച ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ)യും യുകെ ആസ്ഥാനമായുള്ള മറ്റ് സിഖ് ഗ്രൂപ്പുകളും റിപ്പോർട്ടിൽ ഇന്ത്യയുമായി ബന്ധപ്പെട്ട തെളിവുകൾ നൽകിയിരുന്നു. ഒളിച്ചോടിയവർക്കായി റെഡ് നോട്ടീസ് പുറപ്പെടുവിക്കുന്ന ഇന്റർപോളിന്റെ സംവിധാനം രാഷ്ട്രീയ കാരണങ്ങളാൽ ഇന്ത്യ ദുരുപയോഗം ചെയ്യുന്നതായി ആരോപിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Leave a Reply