പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. പാകിസ്ഥാന്റെ ഒന്‍പത് ഭീകര ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തു. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ബുധനാഴ്ച പുലര്‍ച്ചെ 1:44 ന് നടത്തിയ ഓപ്പറേഷനില്‍ കര, നാവിക, വ്യോമസേനകള്‍ ഒരുമിച്ചു ചേര്‍ന്നാണ് പാക് അധീന കാശ്മീര്‍ ഉള്‍പ്പെടെ ഒന്‍പത് ഇടങ്ങളില്‍ ആക്രമണം നടത്തിയത്.
പാകിസ്ഥാന്‍, പാക് അധീന കാശ്മീര്‍ എന്നിവിടങ്ങളിലെ ഒന്‍പത് ക്യാമ്പുകള്‍ ആണ് തകര്‍ത്തത്. കോട്‌ലി, ബഹാവല്‍പൂര്‍, മുസാഫറാബാദ് എന്നിവിടങ്ങളില്‍ ആണ് ആക്രമണം നടന്നത്. നീതി നടപ്പാക്കിയെന്ന് ഇന്ത്യന്‍ സൈന്യം എക്സില്‍ കുറിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് പ്രതിരോധ മന്ത്രാലയവയും അറിയിച്ചു.
അതേസമയം ഇന്ത്യയുടെ പ്രത്യാക്രമണം സ്ഥിരീകരിച്ച് പാകിസ്ഥാന്‍ രംഗത്ത് വന്നിട്ടുണ്ട്. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും 12 പേര്‍ക്ക് പരിക്ക് പറ്റിയതായും പാകിസ്ഥാന്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് ലാഹോര്‍ സിയാല്‍കോട്ട് വിമാനത്താവളങ്ങള്‍ അടച്ചു.
1971 ല്‍ ഇന്ത്യ-പാക് യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് സൈന്യം നേരിട്ട് പാകിസ്ഥാന്റെ രാജ്യാതിര്‍ത്തി ഭേദിക്കാതെ പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയത്. പാക് അധീന കാശ്മീരിലെയും പാകിസ്ഥാനിലെയും തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം. ചാവേര്‍ ഡ്രോണുകളായ ‘കമിക്കാസി’ ആണ് ആദ്യഘട്ട ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്.
പാകിസ്ഥാന്റെ ഒരു സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടത്തിയിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി. ഇന്ത്യ ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും നടപ്പിലാക്കുന്ന രീതിയിലും ഗണ്യമായ സംയമനം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. ബഹവല്‍പുരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനം, മുരിഡ്കെയിലെ ലഷ്‌കറെ തൊയ്ബ ആസ്ഥാനത്തും ആയിരുന്നു ആദ്യ ആക്രമണം.
പുലര്‍ച്ചെ 1:24 ന് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയ ശേഷമായിരുന്നു പാകിസ്ഥാനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുുള്ള ഇന്ത്യയുടെ ആക്രമണം. ‘ആക്രമണത്തിന് സജ്ജം, ജയിക്കാനായി പരിശീലിപ്പിക്കപ്പെട്ടവര്‍’ എന്ന കുറിപ്പോടെ ഇന്ത്യയുടെ ടാങ്കുകളും തോക്കുകളും മിസൈല്‍ വാഹിനികളും പങ്കുവെച്ചുകൊണ്ട് ഇന്ത്യന്‍ കരസേന പുലര്‍ച്ചെ 1:28 നാണ് എക്‌സില്‍ പോസ്റ്റിട്ടത്. കരസേന എഡിജിപിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ നിന്നുള്ളതായിരുന്നു പോസ്റ്റ്.
ഇതിന് ശേഷം കൃത്യം പതിനാല് മിനിറ്റ് കഴിഞ്ഞായിരുന്നു പാകിസ്ഥാനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ടുള്ള ഇന്ത്യയുടെ പ്രഹരം.
Leave a Reply