റഷ്യയും ഇന്ത്യയും ബംഗ്ലാദേശും സിവില്‍ ആണവ സഹകരണം സംബന്ധിക്കുന്ന ത്രിരാഷ്ട്ര ആണവ കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യയുടെ ആണവ മേഖലയില്‍ നിര്‍ണായകമായേക്കാവുന്ന കരാറിനാണ് വ്യാഴാഴ്ച തുടക്കം കുറിച്ചിരിക്കുന്നത്. റഷ്യന്‍ സഹായത്തോടെ ഇന്ത്യ ബംഗ്ലാദേശില്‍ ആണവ നിലയങ്ങള്‍ നിര്‍മ്മിക്കും. ആണവ നിലയങ്ങള്‍ക്കാവിശ്യമായ ഉപകരണങ്ങളും വസ്തുക്കളും റഷ്യയായിരിക്കും നല്‍കുക. ആണവ നിലയങ്ങളുടെ നിര്‍മ്മാണത്തില്‍ പ്രധാന പങ്ക് വഹിക്കുക ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍പിസിഐഎല്‍) ആയിരിക്കും. വിദേശ മണ്ണില്‍ ഇത്തരമൊരു പദ്ധതിയുടെ ഭാഗമാകുന്നത് ഇന്ത്യ ഇതാദ്യമാണ്. ബംഗ്ലാദേശി ശാസ്ത്രജ്ഞര്‍ക്ക് പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായി പരിശീലനം സഹായവും ഇന്ത്യ നല്‍കും. പദ്ധതിക്കാവശ്യമായ നിര്‍ദേശങ്ങളും ശാസ്ത്ര തലത്തിലുള്ള സഹകരണങ്ങളും പൂര്‍ണമായും നല്‍കുന്നത് ഇന്ത്യയായിരിക്കും.
കഴിഞ്ഞ ദിവസം മോസ്‌കോയില്‍ വെച്ചാണ് കരാറില്‍ മൂന്ന് രാജ്യങ്ങളും ഒപ്പുവെച്ചിരിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് റോസ്‌റ്റോം (സിവില്‍ ന്യൂക്ലിയര്‍ ബോഡി) നിക്കോളായ് സ്പാസ്‌കി, റഷ്യയിലെ ബംഗ്ലാദേശ് അംബാസിഡര്‍ എസ്.എം സൈഫുള്‍ ഹഖ്, റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ പങ്കജ് ശരണ്‍ എന്നിവര്‍ കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. നിലവില്‍ റഷ്യ ബംഗ്ലാദേശില്‍ കരാര്‍ അടിസ്ഥാത്തില്‍ ആണവ നിലയം നിര്‍മ്മിക്കുന്ന പദ്ധതിയുടെ ഭാഗമാണ്. ആണവ നിലയം നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളുടെ വിതരണം, ജോലിയുടെ മേല്‍നോട്ടം, ഇന്‍സ്റ്റാലേഷന്‍, നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് റഷ്യയാണ്. സ്വന്തമായി ആണവ നിലയങ്ങള്‍ നിര്‍മ്മിക്കുന്നതിലും പ്രവര്‍ത്തിപ്പിക്കുന്നതിലും ഇന്ത്യക്ക് പരിചയസമ്പത്തുണ്ട്. റഷ്യന്‍ സഹായത്തോടെയാണ് തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തിന്റെ നിര്‍മ്മാണം ഇന്ത്യ പൂര്‍ത്തീകരിച്ചത്.
ആണവ മേഖലയിലെ പ്രവൃത്തി പരിചയമാണ് പദ്ധതിയുടെ ഭാഗമാകാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ബംഗ്ലാദേശില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ആണവ നിലയത്തിന്റെ നിര്‍മ്മാണത്തില്‍ പങ്ക് ചേരാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധിക്കും. നോണ്‍-ക്രിട്ടിക്കല്‍ കാറ്റഗറി ഉപകരണങ്ങളുടെ വിതരണം, ജോലിയുടെ മേല്‍നോട്ടം, ഇന്‍സ്റ്റാലേഷന്‍, നിര്‍മ്മാണം തുടങ്ങിയ രംഗത്ത് ഇന്ത്യക്ക് സഹകരിക്കാനാവും. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യത്തെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റാണ് നിര്‍മ്മിക്കാന്‍ പോകുന്നത്. ന്യൂക്ലിയര്‍ വ്യവസായ മേഖലയ്ക്കും കൂടാതെ ഇരു രാജ്യങ്ങള്‍ക്കും ഇതൊരു വലിയ തീരുമാനം ആയിരിക്കുമെന്നും ഈ രംഗത്ത് കൂടുതല്‍ സഹകരണങ്ങള്‍ തുടരാനുള്ള നീക്കം നടത്തുമെന്നും സ്പാസ്‌കി പറഞ്ഞു. ഇന്ത്യയില്‍ ആണവ നിലയങ്ങള്‍ നിര്‍മ്മിക്കുന്നതിനാവിശ്യമായ ഉപകരണങ്ങളുടെ നിര്‍മ്മാണം ആരംഭിക്കാന്‍ റഷ്യ പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ കരാര്‍ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.
Leave a Reply