വിശാഖ് എസ് രാജ്‌ , മലയാളം യുകെ ന്യൂസ് ടീം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടീം തിരഞ്ഞെടുപ്പ് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. ഋഷഭ് പന്തിന് പകരം വൃദ്ധിമാൻ സാഹയെ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തതാണ് പന്ത് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ടെസ്റ്റ് മത്സരങ്ങളിൽ രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന പന്തിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് യുവ താരത്തോട് ചെയ്യുന്ന അനീതി ആണെന്നാണ് ആരാധകർ വാദിക്കുന്നത്.
കഴിഞ്ഞ വർഷം അഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിൽ ആയിരുന്നു പന്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. സ്ഥിരം ടെസ്റ്റ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് പരിക്ക് പറ്റിയ ഒഴിവിലാണ് പന്ത് ഇന്ത്യൻ ടീമിൽ സ്ഥാനം നേടുന്നത്. അരങ്ങേറ്റ മത്സരത്തിലെ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി പന്ത് ചരിത്രം കുറിച്ചു. പ്രസ്തുത നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരനും ലോകക്രിക്കറ്റിലെ പന്ത്രണ്ടാമത്തെ കളിക്കാരനുമാണ് പന്ത്. പിന്നീട് കളിച്ച പതിനൊന്ന് മത്സരങ്ങളിൽ നിന്നായി 44.35 ശരാശരിയിൽ 754 റൺസ് ഈ ഇരുപത്തിരണ്ടുകാരൻ അടിച്ചെടുത്തു. അതിൽ രണ്ട് സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയും ഉൾപ്പെടുന്നു. വിക്കറ്റ് കീപ്പർ എന്ന നിലയിലും പന്ത് ശോഭിച്ചു. ഏറ്റവും വേഗത്തിൽ അൻപത് പേരെ പുറത്താക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് പന്തിന്റെ പേരിലാണ്.
ടെസ്റ്റ് മത്സരങ്ങളിൽ ഫോമിൽ ആണെങ്കിലും പരിമിത ഓവർ മത്സരങ്ങളിൽ ഈ യുവതാരത്തിന്റെ പ്രകടനം അത്ര മികച്ചതല്ല. അടുത്തിടെ നടന്ന ഏകദിന-ട്വന്റി ട്വന്റി മത്സരങ്ങളിലെല്ലാം പന്ത് നിറം മങ്ങി. ടെസ്റ്റ് ടീമിലേക്ക് വിളി എത്താതിരുന്നതിന് പിന്നിൽ ഇതാകാം കാരണമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. സമ്മർദങ്ങളെ അതിജീവിക്കാനുള്ള കഴിവില്ലായ്‌മ , ഷോട്ടുകൾ തിരഞ്ഞെടുക്കുന്നതിലെ പാളിച്ചകൾ , കളിയുടെ ഗതിയും വേഗവും മനസിലാക്കാതെ ആക്രമിച്ചു കളിക്കുവാൻ കാണിക്കുന്ന ഉത്സാഹം എന്നീ കാരണങ്ങൾ പന്തിന് വിനയാകുന്നു. വിക്കറ്റിന് പിന്നിൽ നിൽക്കുമ്പോൾ എതിർ ടീമിനെ ചൊടിപ്പിക്കുന്നതിന് പന്ത് ഉപയോഗിക്കുന്ന വാക്കുകൾ കളി മര്യാദയ്ക്ക് ചേർന്നതല്ല എന്ന പരാതി നേരത്തെ തന്നെ പലരും ഉന്നയിച്ചതാണ്. ഇപ്പോൾ നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾ എല്ലാം ലോക ടെസ്റ്റ് ചാമ്പ്യൻസ്ഷിപ്പിന്റെ ഭാഗം ആയതുകൊണ്ട് പരിചയസമ്പത്ത് എന്ന ഘടകം സാഹയ്ക്ക് തുണയായി എന്നു കരുതുന്നവരുമുണ്ട്. ഓരോ പോയിന്റും വിലപ്പെട്ടതായതിനാൽ ക്ഷമയോടെ കളിക്കുന്ന ഒരു ബാറ്റ്‌സ്മാൻ എന്ന പരിഗണന സാഹയ്ക്ക് ലഭിച്ചു എന്നാണ് അവരുടെ വാദം.


സാഹയേക്കാൾ ഉയർന്ന ബാറ്റിംഗ് ശരാശരി ചൂണ്ടിക്കാണിച്ചാണ് പന്ത് അനുകൂലികൾ മേൽപ്പറഞ്ഞ വാദങ്ങളെയൊക്കെ പ്രതിരോധിക്കുന്നത്. 32 മത്സരങ്ങളിൽ നിന്ന് 30.63 ശരാശരിയിൽ 1164 റൺസ് ആണ് സാഹയുടെ സമ്പാദ്യം. മൂന്ന് സെഞ്ച്വറിയും അഞ്ച് അർധ സെഞ്ചുറികളും സാഹയുടേതായുണ്ട്. താരതമ്യം ചെയ്യുമ്പോൾ പന്ത് ബഹുദൂരം മുന്നിൽ. ഏകദിന മത്സരങ്ങളിലെ പ്രകടനം നോക്കി ടെസ്റ്റ് ടീം തിരഞ്ഞെടുക്കുന്നത് ശരിയല്ല എന്നതാണ് മറ്റൊരു വാദം. അങ്ങനെയെങ്കിൽ ടെസ്റ്റിൽ ഫോമിലല്ലാത്ത ശിഖർ ധവാനെ ഏകദിന -ട്വന്റി ട്വന്റി മത്സരങ്ങൾ കളിപ്പിക്കുന്നതിലെ യുക്തിയെന്തന്ന് പന്ത് ആരാധകർ ചോദിക്കുന്നു. സാഹയ്ക്ക് ഇപ്പോൾ മുപ്പത്തിനാല് വയസ് പ്രായമുണ്ട്. പന്തിന് ഇരുപത്തിരണ്ടും. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഭാവി പരിഗണിക്കുമ്പോൾ യുവ താരത്തിനാണ് കൂടുതൽ പരിഗണന കിട്ടേണ്ടത്. കൂടുതൽ അവസരങ്ങൾ കൊടുക്കാതിരുന്നാൽ പ്രതിഭയുള്ള ഒരു താരത്തെ ഇന്ത്യൻ ടീമിന് നഷ്ടമാകും. വിദേശ പിച്ചുകളിലെ ഇരു താരങ്ങളുടെയും പ്രകടനം താരതമ്യം ചെയ്യുന്നവരുമുണ്ട്. ഇംഗ്ലണ്ടിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറാണ് ഋഷഭ് പന്ത്. ഇന്ത്യയ്ക്ക് പുറത്തെ ശരാശരി നോക്കുകയാണെങ്കിലും പന്തിന് തന്നെയാണ് മുൻതൂക്കം.

ഏതായാലും ചർച്ചകൾ ചൂടുപിടിച്ചിരിക്കുകയാണ്. സാഹയുടെ ബാറ്റിങ്ങും കീപ്പിംഗും സസൂക്ഷ്മം നിരീക്ഷിക്കപ്പെടുന്ന ദിനങ്ങളാകും വരാനിരിക്കുന്നത്. സാഹയോ പന്തോ – ആരാകും മുന്നിലെത്തുകയെന്ന് കാത്തിരുന്നു കാണാം.