ഇന്ത്യയില്‍ നിന്നുള്ള പതിനായിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന കരാറില്‍ ഇന്ത്യയും യു.കെയും ഒപ്പുവച്ചു. ഇന്ത്യയില്‍ നിന്നും യുകെ, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ജോലി തേടാന്‍ ഒരുങ്ങുന്ന നഴ്‌സുമാര്‍, പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍, ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പഠനത്തിനെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഗുണം ചെയ്യുന്ന കരാര്‍ നടപ്പില്‍ വരുത്താനുള്ള ശ്രമത്തിലാണ് ഇരു സര്‍ക്കാരുകളും.

ഇന്ത്യയും യുകെയും നോര്‍ത്തേണ്‍ അയര്‍ലണ്ടും തമ്മിലുള്ള ദീര്‍ഘകാല ബന്ധവും ഈ രണ്ട് രാജ്യങ്ങളിലെയും ആരോഗ്യ-പരിപാലന സംവിധാനങ്ങളിലെ ഇന്ത്യന്‍ പ്രൊഫഷണലുകളുടെ സംഭാവനയും അംഗീകരിച്ചു കൊണ്ടാണ് പുതിയ കരാര്‍ രൂപപ്പെട്ടത്.

പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍/പ്രീ-യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് പരീക്ഷകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് യുകെയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള അവസരം ലഭിക്കുകയും നിര്‍ദ്ദിഷ്ട സ്ഥാപനങ്ങളിലോ മാനദണ്ഡത്തിനനുസരിച്ചുള്ള പ്രോഗ്രാമുകളിലോ ചേരുന്നതിനുള്ള അവസരവും കരാര്‍ പ്രകാരം പരിഗണിക്കും.

ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിനൊപ്പം എല്ലാ മേഖലകളിലും ആരോഗ്യ പരിപാലന ജീവനക്കാരുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും വൈദഗ്ധ്യവും ആശയങ്ങളും കൈമാറുന്നതിലും കരാര്‍ ലക്ഷ്യമിടുന്നു.

നഴ്സിംഗില്‍ ഓരോ രാജ്യത്തെയും റെഗുലേറ്ററി ബോഡികളെ വിശ്വാസത്തിലെടുത്തുകൊണ്ടാകും കരാര്‍ പ്രവര്‍ത്തിക്കുക. ഈ കരാര്‍ പ്രാബല്യത്തില്‍ വന്ന് 12 മാസത്തിനുള്ളില്‍ വിവിധ വിഭാഗങ്ങളുടെ യോഗ്യതകള്‍, ലൈസന്‍സിംഗ്, രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ എന്നിവ അംഗീകരിക്കാമെന്ന പരസ്പര സമ്മതമാണ് കരാര്‍ ഉറപ്പാക്കുക.

ഓരോ രാജ്യത്തിന്റെയും ആവശ്യകതകള്‍ തിരിച്ചറിയാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഓരോ റെഗുലേറ്റര്‍മാരും സ്വീകരിക്കും. ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മെച്ചപ്പെട്ട നഴ്‌സ് പരിശീലനത്തെ യുകെയും നോര്‍ത്തേണ്‍ അയര്‍ലണ്ടും അംഗീകരിക്കും. ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവ മുഖേന കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാകും ഇതിനുള്ള നടപടികള്‍ സ്വീകരിക്കുക.

യുകെ, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ നിലവിലുള്ള നിലവാരത്തെ അടിസ്ഥാനമാക്കിയാകും പരിശീലനത്തിന്റെ മാനദണ്ഡവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമൊക്കെ തീരുമാനിക്കുക. മാനസികാരോഗ്യം, ക്രിട്ടിക്കല്‍ കെയര്‍, ട്രോമ ആന്‍ഡ് എമര്‍ജന്‍സി കെയര്‍, പാലിയേറ്റീവ് കെയര്‍, കമ്മ്യൂണിറ്റി കെയര്‍, നിയോനേറ്റല്‍ ഇന്റന്‍സീവ് കെയര്‍ എന്നിവയടക്കമുള്ള നഴ്സിംഗ് സ്പെഷ്യാലിറ്റി പരിശീലനം യുകെയും നോര്‍ത്തേണ്‍ അയര്‍ലണ്ടും വികസിപ്പിക്കും.

യുകെയും നോര്‍ത്തേണ്‍ അയര്‍ലണ്ടും അവിടുത്തെ പരിശീലന സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, റെഗുലേറ്റര്‍മാര്‍ എന്നിവരുമായി ഇന്ത്യയില്‍ നിന്നുള്ള അലൈഡ് ഹെല്‍ത്ത് പ്രൊഫഷണലുകളുടെ കൂടുതല്‍ പരിശീലനവും റിക്രൂട്ട്‌മെന്റും കരാര്‍ വഴി വര്‍ദ്ധിപ്പിക്കും. ഒക്യുപ്പേഷണല്‍ തെറാപ്പി, ഡയറ്റീഷ്യന്‍ ,റേഡിയോഗ്രാഫി (മെഡിക്കല്‍ റേഡിയോളജി, ഇമേജിംഗ് ആന്‍ഡ് തെറാപ്പിറ്റിക് ടെക്നോളജി), ഓപ്പറേറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രാക്ടീഷണേഴ്സ് എന്നിവയിലായിരിക്കും പരിശീലനം മെച്ചപ്പെടുത്തുക.

ഇതിന് പുറമേ മെഡിക്കല്‍ ലബോറട്ടറി ആന്റ് ലൈഫ് സയന്‍സസ്, ഫിസിയോതെറാപ്പി, ഒഫ്താല്‍മിക് സയന്‍സ് പ്രൊഫഷന്‍സ്, കമ്മ്യൂണിറ്റി കെയര്‍, ബിഹേവിയറല്‍ ഹെല്‍ത്ത്, സമാനമായ മറ്റ് തൊഴിലുകള്‍, മെഡിക്കല്‍ ടെക്നോളജിസ്റ്റുകളും ഫിസിഷ്യന്‍ അസിസ്റ്റന്റ്, ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് ആന്‍ഡ് ഹെല്‍ത്ത് ഇന്‍ഫോര്‍മാറ്റിക്സ് എന്നിവയിലും മെച്ചപ്പെട്ട പരിശീലനം നല്‍കാന്‍ സംവിധാനമുണ്ടാവും.

ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിനുള്ള നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തേണ്ടതുണ്ടോയെന്നതും കരാറിന്റെ ഭാഗമായി രൂപീകരിക്കുന്ന പുതിയ വര്‍ക്കിംഗ് ഗ്രൂപ്പ് പരിശോധിക്കുന്നുണ്ട്. വര്‍ക്കിങ് ഗ്രൂപ്പുകള്‍ ആറു മാസത്തിനുള്ളില്‍ തന്നെ വിവരങ്ങള്‍ ലഭ്യമാക്കേണമെന്നാണ് പൊതു കരാറിലുള്ള നിര്‍ദേശം.

രജിസ്ട്രേഷന്‍ നടപടികള്‍ കാര്യക്ഷമമാക്കുക, കഴിവുകളും വൈദഗ്ധ്യവും മാപ്പ് ചെയ്യുക എന്നിവയും കരാറിന്റെ ഭാഗമാണ്. വൈദഗ്ധ്യത്തിന്റെ കുറവുകള്‍ നികത്തുന്നതിലും സഹകരണവും പരിശീലനവും ലഭ്യമാക്കും.

യുകെയും നോര്‍ത്തേണ്‍ അയര്‍ലണ്ടുമായി ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രൊഫഷണല്‍ വിഭാഗങ്ങളുടെയും വൈദഗ്ധ്യക്കുറവുകളുടെ ഡാറ്റകളും ഇന്ത്യയുമായി കൈമാറും. കൂട്ടു ചേര്‍ന്ന് ഈ കുറവുകള്‍ നികത്താന്‍ പദ്ധതിയുണ്ടാക്കും.

ഇതിന്റെയൊക്കെ ഭാഗമായി യുകെയിലെയും ഇന്ത്യയിലെയും പരിശീലന സ്ഥാപനങ്ങള്‍ക്കിടയില്‍ ശില്‍പശാലകള്‍ സംഘടിപ്പിക്കും. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ ജോലിയിലേക്കുള്ള മാറ്റം സുഗമമാക്കുന്നതിന്, ഇന്ത്യയിലെ അപേക്ഷകരുടെയും യുകെയിലെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും തൊഴിലുടമകളെ ഉള്‍പ്പെടുത്തി കര്‍മ്മ പദ്ധതി വികസിപ്പിക്കും.

ഇന്ത്യയിലും യുകെയിലും വിദ്യാഭ്യാസം, ഭാഷാ പരിശീലനം, പരിശീലന അവസരങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പരിശീലനത്തിനും വിദ്യാഭ്യാസ പരിപാടികള്‍ക്കുമായി സംയുക്ത കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

ഇന്ത്യയിലെയും യുകെയിലെയും വിവിധ സ്ഥാപനങ്ങളും കൂടി മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെ അടിസ്ഥാനത്തില്‍ ഒപ്പുവെയ്ക്കുന്നതോടെ കരാര്‍ നടപ്പിലായിത്തുടങ്ങും. വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ കൂടി നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കപ്പെട്ടാല്‍ പദ്ധതി പ്രാവര്‍ത്തികമാവും

ഇന്ത്യന്‍ സര്‍ക്കാറിന് വേണ്ടി, മെഡിക്കല്‍ എജ്യുക്കേഷന്‍ / നഴ്‌സിംഗ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയും യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടനും നോര്‍ത്തേണ്‍ അയര്‍ലണ്ടിനും വേണ്ടി ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് പെര്‍മനന്റ് സെക്രട്ടറിയുമാണ് പൊതുകരാറില്‍ ഒപ്പ് വെച്ചിരിക്കുന്നത്.