ഓസ്ട്രേലിയയെ അവരുടെ സ്വന്തം തട്ടകത്തിൽ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യൻ ടീമിന് തോൽവി. അവസാനപന്ത് വരെ പൊരുതിയെങ്കിലും തോൽവി ടീമിനേയും ആരാധകരേയും വേദനിപ്പിച്ചു. ക്രിക്കറ്റിലെ ഒരു മികച്ച ടീമിനോട് അവസാനം വരെ പൊരുതിയാണ് തോറ്റതന്ന് ആശ്വസിക്കാം.

മഹേന്ദ്രസിങ് ധോണിയുടെ മെല്ലെപ്പോക്കാണ് ഇന്ത്യയെ തോൽപ്പിച്ചതെന്ന് ഒരു വിഭാഗം ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ച് ആരാധകർ തമ്മിൽ സമൂഹമാധ്യമങ്ങളിൽ തമ്മിൽത്തല്ലും നടക്കുന്നുണ്ട്. ഇന്ത്യൻ നിരയിൽ അ‍ഞ്ചാമനായി ക്രീസിലെത്തിയ ധോണി ആകെ നേരിട്ടത് 37 പന്തുകളാണ്. അവസാന ഓവറിൽ കോൾട്ടർനീലിനെതിരെ നേടിയ ഒരേയൊരു സിക്സ് സഹിതം നേടിയത് 29 റൺസും. സ്ട്രൈക്ക് റേറ്റ് 78.38 മാത്രം. ധോണിയിൽ നിന്ന് ഇതല്ല പ്രതീക്ഷിക്കുന്നതെന്നു യാഥാർഥ്യമാണ്.

അവസാന പന്തോളം ആവേശമെത്തിയ മൽസരത്തിൽ ഇന്ത്യയെ തോൽപ്പിച്ചതിൽ ധോണിയുടെ ഈ ‘മെല്ലെപ്പോക്കി’നുമുണ്ട് പങ്ക്. 10–ാം ഓവറിന്റെ അവസാന പന്തിൽ ഋഷഭ് പന്ത് റണ്ണൗട്ടായതോടെയാണ് ധോണി ക്രീസിലെത്തുന്നത്. അതും നാലാം നമ്പറെന്ന പ്രധാന പൊസിഷനിൽ. നേരിട്ട ആദ്യ രണ്ടു പന്തിലും റൺസെടുക്കാതിരുന്ന ധോണി ‘വരാനിരിക്കുന്ന’ വിപത്തിന്റെ സൂചന നൽകി. 13 ഓവർ പൂർത്തിയാകുമ്പോൾ ഒൻപതു പന്തിൽ ഒൻപതു റൺസെന്ന നിലയിലായിരുന്നു ധോണി. 15 ഓവർ പൂർത്തിയാകുമ്പോൾ ഇത് 15 പന്തിൽ 14 റൺസ് എന്ന നിലയിലായി

അവസാന അഞ്ച് ഓവറിൽ നേരിട്ട 22 പന്തിൽ 13 പന്തിലും റൺസെടുക്കാൻ ധോണിക്കു സാധിച്ചില്ല. അവസാന ഓവറിൽ മാത്രം നാലു പന്തുകളാണ് റണ്ണെടുക്കാതെ വിട്ടത്. ലെഗ് ബൈ ആയി ഒരു റൺ കിട്ടിയ അവസാന പന്തു കൂട്ടാതെയാണിത്. ഈ ഓവറിലെ രണ്ടാം പന്തിൽ നേടിയ ഒരേയൊരു സിക്സറിലൊതുങ്ങുന്നു ധോണി അതിർത്തി കടത്തിയ പന്തുകളുടെ എണ്ണം!

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ത്യ താരതമ്യേന ചെറിയ സ്കോറിൽ ഒതുങ്ങിയെങ്കിലും ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള ബോളർമാർ ചേർന്ന് ഇന്ത്യയ്ക്ക് വിജയത്തിലേക്കുള്ള വഴി വെട്ടിക്കൊടുത്തതാണ്. എന്നാൽ, ഉമേഷ് യാദവ് ബോൾ ചെയ്ത അവസാന ഓവറിൽ സകലതും കൈവിട്ടുപോയി. ബോളർമാരായ പാറ്റ് കമ്മിൻസും ജൈ റിച്ചാർഡ്സനും ക്രീസിൽ നിൽക്കെ ഓസീസിനെ വിജയത്തിൽനിന്ന് അകറ്റാൻ അവസാന ഓവർ ബോൾ ചെയ്ത ഉമേഷ് യാദവിനു പ്രതിരോധിക്കേണ്ടിയിരുന്നത് 14 റൺസായിരുന്നു. ഓസ്ട്രേലിയക്കാർ പോലും തോൽവി ഉറപ്പിച്ചിടത്ത് ഉമേഷ് യാദവ് ധാരാളിത്തം കാട്ടിയതോടെയാണ്, ഓസീസ് വിജയം പിടിച്ചത്

അവസാന ഓവറിൽ മൂന്നു പന്തു വീതം നേരിട്ട് ഓരോ ബൗണ്ടറി സഹിതം ഏഴു റൺസ് നേടിയാണ് റിച്ചാർഡ്സൻ–കമ്മിൻസ് സഖ്യം ഓസീസിന് വിജയം സമ്മാനിച്ചത്. അവസാന ഓവറിലെ ആദ്യ പന്തിൽ സിംഗിൾ മാത്രം അനുവദിച്ച ഉമേഷ് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയതാണ്. ഇതോടെ ഓസീസിന് വിജയത്തിലേക്കു വേണ്ടിയിരുന്നത് അഞ്ചു പന്തിൽ 13 റൺസ്. രണ്ടാം പന്തിൽ ബൗണ്ടറി നേടിയ റിച്ചാർഡ്സൻ വിജയലക്ഷ്യം നാലു പന്തിൽ ഒൻപതു റൺസാക്കി കുറച്ചു. മൂന്നാം പന്തിൽ ഡബിളും നാലാം പന്തിൽ സിംഗിളും വിട്ടുനൽകിയ ഉമേഷ് ഇന്ത്യയെ മൽസരത്തിലേക്കു തിരികയെത്തിച്ചു.

രണ്ടു പന്തിൽ ആറു റൺസ് എന്ന നിലയിൽ നിൽക്കെ അഞ്ചാം പന്ത്‍ ഫുൾടോസ് എറിഞ്ഞ ഉമേഷിനു പിഴച്ചു. പാറ്റ് കമ്മിൻസിന്റെ ഷോട്ട് ബൗണ്ടറി കടന്നു. അവസാന പന്തിൽ വിജയത്തിലേക്കു വേണ്ടിയിരുന്ന രണ്ടു റൺസ് നേടിയ കമ്മിൻസ് ഓസീസിനെ അപ്രതീക്ഷിത വിജയത്തിലേക്കു നയിച്ചു. മൽസരത്തിലാകെ നാല് ഓവർ ബോൾ ചെയ്ത ഉമേഷ് യാദവ് വഴങ്ങിയത് നാല് ഓവറിൽ 35 റൺസ്. ഓവറിൽ ശരാശരി 8.75 റൺസ്. 126 റൺസ് പോലെ ദുർബലമായൊരു ടോട്ടൽ പ്രതിരോധിക്കുമ്പോൾ ഉമേഷിനെപ്പോലൊരു അനുഭവസമ്പത്തുള്ള താരത്തിന്റെ പ്രകടനം!