കാത്തിരുന്ന് കിട്ടിയ ഇന്ത്യൻ ജഴ്സിയിൽ കളിക്കാനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ് തകർപ്പൻ തുടക്കത്തിനുശേഷം തകർച്ചയോടെ മടക്കം! നേരിട്ട ആദ്യ പന്തുതന്നെ ഗാലറിയിലെത്തിച്ച് ക്യാപ്റ്റൻ വിരാട് കോലിയുള്‍പ്പെടെയുള്ള സഹതാരങ്ങളിലും ആരാധകരിലും ആവേശമുണർത്തിയ സഞ്ജു, രണ്ടാം പന്തിൽ എൽബിയിൽ കുരുങ്ങി പുറത്തായി. കാത്തുകാത്തിരുന്നു കിട്ടിയ അവസരത്തിൽ സഞ്ജു ആവേശത്തോടെ തുടങ്ങിയെങ്കിലും ആ ആവേശം അതേപടി നിലനിർത്താനാകാതെ പോയത് ആരാധകർക്കും നിരാശയായി. പിന്നീടു വിക്കറ്റിനു പിന്നിൽ കരുത്തുകാട്ടിയ സഞ്ജു ഒരു സ്റ്റംപിങ്ങും സ്വന്തമാക്കി കയ്യടി നേടി. ബാറ്റുകൊണ്ടും ബോളുകൊണ്ടും കരുത്തുകാട്ടിയ ഷാർദുൽ താക്കൂറാണ് കളിയിലെ കേമൻ. നവ്ദീപ് സെയ്നി പരമ്പരയുടെ താരമായി.

ട്വന്റി20യിൽ തന്റെ രണ്ടാമത്തെ മാത്രം അർധസെഞ്ചുറി കണ്ടെത്തിയ ഓൾറൗണ്ടർ ധനഞ്ജയ ഡിസിൽവയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. 36 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 57 റൺസാണ് ധനഞ്ജയയുടെ സമ്പാദ്യം. ധനഞ്ജയയ്ക്കു പുറമെ ലങ്കൻ നിരയിൽ രണ്ടക്കം കടന്നത് ഒരാൾ മാത്രം. 20 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 31 റൺസെടുത്ത ഏഞ്ചലോ മാത്യൂസ്. അഞ്ചാം വിക്കറ്റിൽ വെറും 37 പന്തിൽനിന്ന് മാത്യൂസ് – ധനഞ്ജയ സഖ്യം അടിച്ചുകൂട്ടിയ 68 റൺസാണ് ശ്രീലങ്കയുടെ തോൽവിഭാരം ഇത്രയെങ്കിലും കുറച്ചത്.

ധനുഷ്ക ഗുണതിലക (ഒന്ന്), ആവിഷ്ക ഫെർണാണ്ടോ (ഒൻപത്), കുശാൽ പെരേര (10 പന്തിൽ ഏഴ്), ഒഷാഡ ഫെർണാണ്ടോ (അഞ്ച് പന്തിൽ രണ്ട്), ദസൂൺ ഷാനക (ഒൻപതു പന്തിൽ 9), വാനിന്ദു ഹസരംഗ (0), ലക്ഷൺ സന്ദാകൻ (ഒന്ന്), ക്യാപ്റ്റൻ ലസിത് മലിംഗ (0) എന്നിങ്ങനെയാണ് പുറത്തായ മറ്റു ലങ്കൻ താരങ്ങളുടെ പ്രകടനം. ലഹിരു കുമാര ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി നവ്ദീപ് സെയ്നി 3.5 ഓവറിൽ 28 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഷാർദുൽ താക്കൂർ, വാഷിങ്ടൻ സുന്ദർ എന്നിവർ രണ്ടും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും വീഴ്ത്തി. രണ്ടു ലങ്കൻ താരങ്ങൾ റണ്ണൗട്ടായി.

ട്വന്റി20യിൽ റൺ അടിസ്ഥാനത്തിൽ ശ്രീലങ്കയുടെ ഏറ്റവും വലിയ ആറാമത്തെ തോൽവിയാണിത്. ആദ്യ അഞ്ചു തോൽവികളിൽ രണ്ടെണ്ണവും ഇന്ത്യയുടെ വകതന്നെ. രാജ്യാന്തര ട്വന്റി20യിൽ ഒരു ടീമിനെതിരെ മറ്റൊരു ടീം നേടുന്ന കൂടുതൽ വിജയങ്ങളെന്ന റെക്കോർഡും ഇനി ഇന്ത്യയ്ക്കാണ്. ഇതുവരെ ശ്രീലങ്കയ്‌ക്കെതിരെ 19 മത്സരങ്ങളിൽ മുഖാമുഖമെത്തിയതിൽ 13–ാം ജയമാണ് ഇന്ത്യ കുറിച്ചത്. പാക്കിസ്ഥാൻ ശ്രീലങ്ക, ന്യൂസീലൻഡ് ടീമുകൾക്കെതിരെയും ഇംഗ്ലണ്ട് ന്യൂസീലൻഡിനെതിരെയും 13 ജയം നേടിയിട്ടുണ്ടെങ്കിലും അതെല്ലാം 21 മത്സരങ്ങളിൽനിന്നാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 201 റൺസെടുത്തത്. ഓപ്പണർമാരായ ശിഖർ ധവാൻ (36 പന്തിൽ 52), കെ.എൽ. രാഹുൽ (36 പന്തിൽ 54) എന്നിവരുടെ അർധസെഞ്ചുറികളും ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ പടുത്തുയർത്തിയ 97 റൺസ് കൂട്ടുകെട്ടുമാണ് ഇന്ത്യൻ ഇന്നിങ്സിന് ഇന്ധനമായത്. അവസാന ഓവറുകളിൽ മനീഷ് പാണ്ഡെയും (18 പന്തിൽ പുറത്താകാതെ 31), ഷാർദൂല്‍ താക്കൂറും (8 പന്തിൽ പുറത്താകാതെ 22) ചേർന്നു നടത്തിയ ബാറ്റിങ് വിസ്ഫോടനമാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. മലയാളി താരം സഞ്ജു സാംസൺ നേരിട്ട ആദ്യ പന്തു തന്നെ സിക്സർ പറത്തിയെങ്കിലും തൊട്ടടുത്ത പന്തിൽ പുറത്തായി. ശ്രേയസ് അയ്യർ (രണ്ട് പന്തിൽ നാല്), വിരാട് കോലി (17 പന്തിൽ 26), വാഷിങ്ടന്‍ സുന്ദർ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

അർധസെ‍ഞ്ചുറി നേടിയ ഓപ്പണർമാരായ ശിഖർ ധവാനും കെ.എല്‍. രാഹുലും ഇന്ത്യയ്ക്കു മികച്ച തുടക്കമാണു നൽകിയത്. ഇരുവരും ചേർന്നു കൂട്ടിച്ചേർത്തത് 97 റൺസ്. അർധസെഞ്ചുറിക്കു പിന്നാലെ ധവാനെ ലക്ഷൻ സന്ദാകൻ പുറത്താക്കിയതോടെ രണ്ടാമനായി സഞ്ജു എത്തി. ആദ്യ പന്തു സിക്സ് പറത്തി തുടങ്ങിയ സഞ്ജു രണ്ടാം പന്തിൽ തന്നെ എൽബി ആയി പുറത്തുപോയി. വനിന്തു ഹസരങ്കയാണ് സഞ്ജുവിനെ പുറത്താക്കിയത്. തൊട്ടുപിന്നാലെ രാഹുലും ശ്രേയസ് അയ്യരും പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായി.

മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് വിരാട് കോലി റൺസുയർത്താൻ ശ്രമിച്ചെങ്കിലും കോലി റണ്ണൗട്ടായി പുറത്തുപോയി. വാഷിങ്ടൻ സുന്ദർ പൂജ്യത്തിന് മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ഷാർദൂൽ ഠാക്കൂർ രണ്ട് സിക്സും ഒരു ഫോറുമുള്‍പ്പെടെ 8 പന്തില്‍ 22 റൺസെടുത്തു നിലയുറപ്പിച്ചതോടെ ഇന്ത്യൻ സ്കോർ 200 കടന്നു. ശ്രീലങ്കയ്ക്കായി ലക്ഷൻ സന്ദാകൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ലഹിരു കുമാര, വനിന്തു ഹസരങ്ക എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.