ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ സെമി ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യൻ ടീം ഇന്നിറങ്ങുന്നു. ശ്രീലങ്കയാണ് രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. ഓവൽ മൈതാനത്ത് വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം. പാകിസ്ഥാനെതിരായ മത്സരം ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരം ജയിച്ചാൽ ഇന്ത്യൻ ടീമിന് സെമി ഉറപ്പിക്കാം.

ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് എതിരെ ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 124 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ജയത്തോടെ വിലപ്പെട്ട 2 പോയിന്റ് ഇന്ത്യ സ്വന്തമാക്കിയിരുന്നു.

പാകിസ്ഥാനെതിരെ മികച്ച പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ കാഴ്‌ച വെച്ചത്. ഇന്ത്യയ്‌ക്കായി നായകൻ വിരാട് കോഹ്‌ലി, യുവരാജ് സിംങ്ങ്, ശിഖർ ധവാൻ, രോഹിത് ശർമ്മ എന്നിവർ അർധസെഞ്ചുറി നേടിയിരുന്നു. 91 റൺസെടുത്ത രോഹിത്തായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ. മികച്ച പ്രകടനം കാഴ്‌ച വെച്ച ബൗളർമാർ ആദ്യയ മത്സരത്തിൽ ഇന്ത്യൻ ജയം അനായാസമാക്കി. 3 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും 2 വിക്കറ്റുകൾ വീതം വീഴ്ത്തിയ ജഡേജയും പാണ്ഡ്യയും പാക്കിസ്ഥാനെ തകർത്തു വിടുകയായിരുന്നു. ഭുവനേശ്വർ കുമാറാണ് ശേഷിക്കുന്ന 1 വിക്കറ്റ് സ്വന്തമാക്കിയത്. എന്നാൽ ഫീൽഡിങ്ങിൽ ഉണ്ടായ പിഴവുകൾ തിരുത്താനാകും ഇന്ത്യയുടെ ശ്രമം.

അതേസമയം ദക്ഷിണാഫ്രിക്കയോട് 96 റണസിന്റെ തോൽവി വഴങ്ങിയ ശേഷമാണ് ശ്രീലങ്കയുടെ വരവ്. വിജയത്തിൽ കുറഞ്ഞതൊന്നും ലങ്ക പ്രതീക്ഷിക്കുന്നില്ല. പാകിസ്ഥാനെതിരെ കളിച്ച അതേ ടീമിനെ തന്നെ ഇന്ത്യ നിലനിർത്താനാണ് സാധ്യത.